ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഓസ്ട്രേലിയക്ക് ആദ്യവിക്കറ്റ് നഷ്ടമായി
Wednesday, June 7, 2023 3:42 PM IST
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞടുക്കുകയായിരുന്നു. പേസിനെ പിന്തുണയ്ക്കുന്നതാണ് ഓവലിലെ പിച്ച്.
പിച്ചും സാഹചര്യവും കണക്കിലെടുത്ത് നാല് പേസര്‍മാരും ഒരു സ്പിന്നറുമായാണ് ഇന്ത്യ ഇറങ്ങുന്നത്. രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ടീമിലെ ഏക സ്പിന്നര്‍. പേസര്‍മാരായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ അന്തിമ ഇലവനിലെത്തി.
വിക്കറ്റ് കീപ്പര്‍ ബാറ്ററായി ശ്രീകര്‍ ഭരത്താണ് ഇന്ത്യന്‍ ടീമിനായി ഇറങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഓപ്പണിംഗ് ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ചേതേശ്വര്‍ പൂജാര, വിരാട് കോലി അജിങ്ക്യാ രഹാനെ എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിംഗ് നിരയാണുള്ളത്.
ഓസ്ട്രേലിയന്‍ ടീമില്‍ പരിക്കേറ്റ് പുറത്തായ ജോഷ് ഹേസല്‍വുഡിന് പകരം സ്കോട് ബോളണ്ട് അന്തിമ ഇലവനിലെത്തി. പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് മറ്റ് പേസര്‍മാര്‍. ഓള് റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ആണ് നാലാം പേസര്‍.
സ്പിന്നറായി നേഥന്‍ ലിയോണും ടീമിലിടംനേടി. ഡേവിഡ് വാര്‍ണര്‍, ഉസ്മാന് ഖവാജ, മാര്‍നസ് ലാബുഷെയ്ന്, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, അലക്സ് ക്യാരി എന്നിവരടങ്ങുന്നതാണ് ഓസീസിന്റെ ബാറ്റിംഗ് നിര.
ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 6.1 ഓവറില്‍ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെടുത്തിട്ടുണ്ട്. റണ്‍സൊന്നുമെടുക്കാതെ ഉസ്മാന് ഖവാജ പുറത്താവുകയായിരുന്നു. മുഹമ്മദ് സിറാജിനാണ് വിക്കറ്റ്. നിലവില്‍ 12 റണ്‍സുമായി ഡേവിഡ് വാര്‍ണറും മൂന്നു റണ്‍സുമായി മാര്‍നസ് ലാബുഷെയ്നുമാണ് ക്രീസില്‍.
ഓസ്ട്രേലിയ (പ്ലേയിംഗ് ഇലവന്): ഡേവിഡ് വാര്‍ണര്‍, ഉസ്മാന് ഖവാജ, മാര്‍നസ് ലബുഷാഗ്നെ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് ക്യാരി, പാറ്റ് കമ്മിന്‍സ്(സി), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്കോട്ട് ബോളന്‍ഡ്
ഇന്ത്യ (പ്ലേയിംഗ് ഇലവന്): രോഹിത് ശര്‍മ(സി), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.