കെ-ഫോണ്‍ പദ്ധതിക്ക് ഇന്ന് തുടക്കം; യുഡിഎഫ് ബഹിഷ്കരിക്കും
Monday, June 5, 2023 1:48 PM IST
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ കെ-ഫോണ്‍ പദ്ധതിക്ക് തിങ്കളാഴ്ച തുടക്കം. വൈകുന്നേരം നാലിന് നിയമസഭാ കോംപ്ലക്സിലെ ആര്.ശങ്കരനാരായണന് തമ്പി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതി കേരളത്തിന് സമര്‍പ്പിക്കും.
രാജ്യത്ത് തന്നെ ആദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബ്രോഡ് ബാന്റ് കണക്ഷനാണ് കെ-ഫോണ്‍. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി വഴി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
നിയമസഭാ മണ്ഡലങ്ങളില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കും. അതേസമയം കെ-ഫോണിന്റെ ഉദ്ഘാടന ചടങ്ങും അനുബന്ധ ചടങ്ങുകളും യുഡിഎഫ് ബഹിഷ്കരിക്കും.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്കാണ് കെ-ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് നല്‍കുന്നത്. ഇതിന്റെ ആദ്യഘട്ടമായി കേരളത്തിലെ 140 മണ്ഡലങ്ങളിലെ 14,000 കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കും. വിഷുക്കൈനീട്ടമായി 7,080 കുടുംബങ്ങള്‍ക്ക് കണക്ഷന് നല്‍കിക്കഴിഞ്ഞു.
30,438 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കെ-ഫോണ്‍ വഴി ഇന്റര്‍നെറ്റ് കണക്ഷന് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ഇതുവരെ 26,542 ഓഫീസുകളില്‍ കണക്ഷന് നല്‍കുകയും 17,155 ഓഫീസുകളില്‍ കെ-ഫോണ്‍ കണക്ഷന് സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നു.