ബീച്ചിൽ പന്ത് കളിക്കുന്നതിനിടെ തിരയിൽപ്പെട്ടു; രണ്ട് കുട്ടികളെ കാണാതായി
Sunday, June 4, 2023 2:22 PM IST
കോഴിക്കോട്: ബീച്ചിൽ പന്ത് കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് രണ്ട് വിദ്യാർഥിളെ കാണാതായി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ(18), ആദിൽ ഹസൻ(16) എന്നിവരെയാണ് കാണാതായത്. കോഴിക്കോട് ബീച്ചിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.
പന്തു കളിക്കുന്നതിനിടെ തിരയിലേക്ക് പോയ ബോൾ എടുക്കാനായി ആദിൽ കടലിലേക്ക് ഇറങ്ങി. എന്നാൽ അടിയൊഴുക്കുള്ള സമയമായതിനാൽ കടലിൽ അകപ്പെട്ടു.
അപകടം കണ്ടു നിന്ന ഹസനും മറ്റൊരു സുഹൃത്തും ആദിലിനെ രക്ഷിക്കാനായി കടലിലേക്ക് ഇറങ്ങി. പിന്നീട് മൂന്നുപേരെയും കാണാതാവുകയായിരുന്നു. ഉടൻ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾ ഇതിൽ ഒരാളെ രക്ഷപ്പെടുത്തി.
എന്നാൽ ആദിലിനെയും ഹസനെയും കണ്ടെത്താനായില്ല. പോലീസും അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും തെരച്ചിൽ നടത്തുകയാണ്.