നല്ല വസ്ത്രമണിഞ്ഞ് സണ്ഗ്ലാസുംവച്ചു; ഗുജറാത്തില്‍ ദളിത് യുവാവിനെ മേല്ജാതിക്കാര് തല്ലിച്ചതച്ചു
Friday, June 2, 2023 11:41 AM IST
അഹമ്മദാബാദ്: നല്ല ഷര്‍ട്ടും സണ്‍ഗ്ലാസും ധരിച്ചതിന് ദളിത് യുവാവിനെ മേല്ജാതിക്കാര് വീട്ടില്‍ കയറി തല്ലിച്ചതച്ചു. ഗുജറാത്തിലെ ബനസ്കണ്ട ജില്ലയിലെ പാലന്‍പുരിലുള്ള മോട്ട ഗ്രാമത്തിലാണ് സംഭവം.
ജിഗാര്‍ ഷെഖാലിയ എന്ന യുവാവിനെയും അമ്മയെയും രജപുത്ര സമുദായത്തിലെ ഒരു സംഘമാണ് ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. രജപുത്ര സമുദായത്തിലെ ഒരാള്‍ രാത്രി ജിഗാര്‍ ഷെഖാലിയുടെ വീട്ടിലെത്തി നല്ല വസ്ത്രങ്ങള്‍ ധരിച്ച് ഉയര്‍ന്ന ജാതിക്കാരെപ്പോലെ നടക്കരുതെന്ന് ഭീഷണിമുഴക്കിയതിന് ശേഷം തിരിച്ച് പോയി.
പിന്നീട് രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപം നില്ക്കുമ്പോള് ഒരു സംഘം വടികളുമായി എത്തി ദളിത് യുവാവിനെ മര്‍ദിച്ച് അവശനാക്കുകയായിരുന്നു. തടയാനെത്തിയ ഷെഖാലിയയുടെ അമ്മയെയും ആക്രമിച്ചു. ഇരുവരുടെയും വസ്ത്രങ്ങള്‍ വലിച്ചുകീറി റോഡിലൂടെ വലിച്ചിഴച്ചു.
ജിഗര്‍ ഷെഖാലിയ നല്കിയ പരാതിയെ തുടര്‍ന്ന് ഏഴോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നുമാണ് പോലീസ് ഭാഷ്യം.