കാലവർഷം ഒരാഴ്ചയ്ക്കകം; ഇക്കുറി 30 ശതമാനം വേനൽ മഴക്കുറവ്
Sunday, May 28, 2023 10:50 PM IST
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് പെയ്തു തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണയായി ജൂണ്‍ ഒന്നിനാണ് സംസ്ഥാനത്ത് കാലവർഷം പെയ്തു തുടങ്ങുന്നത്.
എന്നാൽ ഇക്കുറി കാലവർഷമെത്താൻ വൈകുമെന്നും ജൂണ്‍ ഒന്നിനു മുൻപ് കാലവർഷം എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു. അതേസമയം കാലവർഷക്കാറ്റ് ശക്തിപ്രാപിച്ചു തുടങ്ങിയതായാണ് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
കാലവർഷക്കാറ്റിന്റെ ശക്തിയും താപനിലയും അടക്കം കാലവർഷം പെയ്തു തുടങ്ങാനാവശ്യമായ അനുകൂല സാഹചര്യങ്ങൾ ശക്തമായി നിലനിൽക്കുകയാണ്. രണ്ടു ദിവസത്തിനകം കാലവർഷം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ നിക്കോബാർ ദ്വീപിലും എത്തിച്ചേരുമെന്നും തുടർന്നുള്ള മൂന്നു ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ വരവറിയിക്കുമെന്നുമാണ് നിരീക്ഷണ കേന്ദ്രത്തിന്റെ നിലവിലെ നിഗമനം.
അതേസമയം സംസ്ഥാനത്ത് വേനൽ മഴയിൽ 30 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മാർച്ച് ഒന്ന് മുതൽ മെയ് 31 വരെ നീളുന്ന വേനൽക്കാലത്ത് ശരാശരി 361.5 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടത്. എന്നാൽ ഇന്ന് വരെ പെയ്തത് 321.3 മില്ലമീറ്റർ മാത്രമാണ്.