ധീരസൈനികരുടെ സ്മരണയ്ക്കായി ആക്കുളത്ത് യുദ്ധസ്മാരകം ഒരുങ്ങുന്നു
Thursday, May 25, 2023 4:51 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ചെറുവക്കൽ വില്ലേജ് പരിധിയിലുള്ള ആക്കുളത്ത് യുദ്ധസ്മാരകം നിർമിക്കുന്നതിന് 8.08 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആക്കുളത്ത് സൈനിക ക്ഷേമ വകുപ്പിന്റെ പരിധിയിലുള്ള 0.6071 ഹെക്ടർ സ്ഥലത്താണു യുദ്ധസ്മാരകം നിർമിക്കുന്നത്.
യുദ്ധസ്മാരകം നിർമിക്കാനുള്ള പദ്ധതി വർഷങ്ങളായി സർക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു. ആദ്യം ശംഖമുഖമായിരുന്നു പരിഗണിച്ചിരുന്നത്. പിന്നീട് പദ്ധതി ആക്കുളത്തേക്കു മാറ്റുകയായിരുന്നു. എന്നാൽ, ഫണ്ടിനു ധനവകുപ്പിന്റെ അനുമതി ലഭിച്ചിരുന്നില്ല. ഫണ്ട് ലഭിക്കാനുള്ള കാലതാമസമാണു പദ്ധതി നീളാൻ കാരണമായത്.
തുടർന്നാണ് ഇത് അജൻഡയിൽ ഉൾപ്പെടുത്തി മന്ത്രിസഭയുടെ പരിഗണനയ്ക്കു കൊണ്ടു വന്നത്. ഒന്നാം ലോകമഹായുദ്ധ കാലത്തെ ധീരരക്തസാക്ഷികളായ സൈനികരുടെ സ്മരണയ്ക്കായി പാളയത്ത് യുദ്ധസ്മാരകം നിലവിലുണ്ട്.