ഡൽഹി സർവകലാശാലയിൽ നിന്ന് അംബേദ്കർ ഫിലോസഫി കോഴ്സ് പിൻവലിക്കാൻ നീക്കം
Tuesday, May 23, 2023 6:55 PM IST
ന്യൂഡൽഹി: രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനമായ ഡൽഹി സർവകലാശാലയ്ക്ക്(ഡിയു) കീഴിലുള്ള കോളജുകളിൽ നിന്ന് അംബേദ്കർ ആശയധാരകളുള്ള കോഴ്സ് പിൻവലിക്കാൻ നീക്കം.
ഫിലോസഫി ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള ബിരുദ വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള ഓപ്ഷനൽ കോഴ്സ് ആയ "ദ ഫിലോസഫി ഓഫ് അംബേദ്കർ ' എന്ന പേപ്പർ പിൻവലിക്കാനുള്ള നീക്കം കഴിഞ്ഞയാഴ്ച ചേർന്ന കരിക്കുലം സമിതി നടത്തിയിരുന്നു. നീക്കത്തിനെതിരെ ഫിലോസഫി ഡിപ്പാർട്ട്മെനന്റും വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്.
അംബേദ്കറുടെ രചനകളും ചിന്താധാരയും ഗവേഷണമാർഗങ്ങളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്ന കോഴ്സാണ് പിൻവലിക്കാൻ ശ്രമിച്ചത്. 2016-ലാണ് ഡിയു ഈ കോഴ്സ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്.
നീക്കം വിവാദമായതോടെ കോഴ്സ് പിൻവലിക്കാൻ നിർദേശം നൽകിയിട്ടില്ലെന്നും ഗാന്ധിജി, സ്വാമി വിവേകാനന്ദൻ, പെരിയാർ എന്നിവരുടെ തത്വചിന്തകൾ കൂടി ഉൾപ്പെടുത്തി കരിക്കുലം പരിഷ്കരിക്കാനാണ് ഉദ്ദേശിച്ചതെന്നും സർവകലാശാല അറിയിച്ചു.