സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം വ്യാഴാഴ്ച കേരളത്തിലെത്തിക്കും
Wednesday, May 17, 2023 10:51 PM IST
ഖാർത്തും: ആഭ്യന്തര സംഘർഷം മൂലം പ്രതിസന്ധി രൂക്ഷമായ സുഡാനിൽ വച്ച് കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം വ്യാഴാഴ്ച കേരളത്തിൽ എത്തിക്കും.
ആൽബർട്ടിന്റെ മൃതദേഹം വ്യാഴാഴ്ച വൈകിട്ട് കൊച്ചി വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് വിവരം. ഏപ്രിൽ 14-നാണ് ഖാർത്തുമിൽ വച്ച് ആൽബർട്ട് കൊല്ലപ്പെട്ടത്. സംഘർഷം ആരംഭിച്ച വേളയിൽ ഫ്ലാറ്റിന്റെ ജനലിന് സമീപത്ത് നിൽക്കുകയായിരുന്ന ആൽബർട്ട് വെടിയേറ്റ് വീഴുകയായിരുന്നു.
സംഘർഷം രൂക്ഷമായതോടെ ആൽബർട്ടിന്റെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാനായിരുന്നില്ല. അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ബേസ്മെന്റിൽ അഭയം തേടിയിരുന്ന കുടുംബം, ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ആൽബർട്ടിന്റെ ഭാര്യയും മകളും നേരത്തെ നാട്ടിലെത്തിയിരുന്നു.