ഐപിഎൽ മത്സരത്തിനിടെ കാണികൾക്ക് മേൽ മദ്യം ഒഴിച്ച അച്ഛനും മക്കളും അറസ്റ്റിൽ
Wednesday, May 17, 2023 12:56 PM IST
ന്യൂഡൽഹി: ഐപിഎൽ മത്സരം നടക്കുന്നതിനിടെ അപമര്യാദയായി പെരുമാറിയ അച്ഛനെയും രണ്ട് മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ലക്ഷ്മി നഗർ സ്വദേശികളായ ദീപക് മഖിജ, മക്കളായ വിശേഷ് റായ്, വൻഷ് റായ് എന്നിവരാണ് പിടിയിലായത്.
മേയ് 13-ന് അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ വച്ച് നടന്ന ഡൽഹി ക്യാപിറ്റൽസ് - പഞ്ചാബ് കിംഗ്സ് മത്സരത്തിനിടെയാണ് സംഭവം നടന്നത്. ഹിൽ എ മേഖലയിലെ വിഐപി സീറ്റുകളിലിരുന്ന മൂവരും മദ്യലഹരിയിൽ മറ്റ് കാണികളെ ആക്രമിക്കുകയായിരുന്നു. മറ്റുള്ളവരുടെ ശരീരത്തിലേക്ക് മദ്യം ഒഴിച്ച ഇവരെ തടയാനായി സ്റ്റേഡിയം ജീവനക്കാർ ശ്രമിച്ചെങ്കിലും മൂവരും ചേർന്ന് ഇവരെ ആക്രമിച്ചു.
തുടർന്ന് പോലീസിൽ പരാതി നൽകിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്ത് ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചത്.