എഐ കാമറ, കെ ഫോൺ: ജുഡീഷൽ അന്വേഷണത്തിനായി കോൺഗ്രസ് കോടതിയിലേക്ക്
Sunday, May 7, 2023 5:35 PM IST
തിരുവനന്തപുരം: എഐ കാമറ,കെ.ഫോണ്‍ തുടങ്ങിയ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്. ജുഡീഷല്‍ അന്വേഷണമെന്ന കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നത് ഭയം ഉള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
മാനദണ്ഡങ്ങള്‍ ലംഘിച്ച് കരാര്‍ നല്‍കിയതിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടും അതിന് മറുപടി പറയാതെ ഇരുട്ട് കൊണ്ട് ഓട്ടയടക്കാനാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മന്ത്രിമാരും ശ്രമിക്കുന്നത്. തെളിവുകളെ ദുരാരോപണങ്ങളായി ചിത്രീകരിച്ച് പുകമറ സൃഷ്ടിക്കാമെന്ന മുഖ്യമന്ത്രിയുടെ തന്ത്രം വിലപ്പോകില്ല.
പെറ്റിയടിച്ച് ജനത്തെ പിഴിഞ്ഞ് സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ഇറങ്ങിയവരാണ് പിണറായി വിജയനും കൂട്ടരും. ജനത്തെ വെല്ലുവിളിച്ച് അടിമുടി അഴിമതിയില്‍ മുങ്ങിയ പദ്ധതി അതിവേഗം നടപ്പാക്കരുത്.അതിലെ സത്യാവസ്ഥ പുറത്തുവരുന്നത് വരെ പെറ്റി ഈടാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിക്കണം.
കാമറ, കെ ഫോണ്‍ പദ്ധതികളുടെ മറവില്‍ കോടികള്‍ കമ്മീഷന് ലഭിക്കുന്ന ഇടപാട് നടന്നെന്ന് പൊതുജനത്തിനു മനസിലായിട്ടുണ്ട്. അതിന്റെ ജാള്യതയിലാണ് മുഖ്യമന്ത്രി, പ്രതിപക്ഷത്തിന്റെ ചോദ്യത്തില്‍ നിന്നും ഓടി ഒളിക്കുന്നതും സിപിഎം നേതാക്കള്‍ വിടുവായത്തം വിളമ്പി കരാറുകളെ ന്യായീകരിക്കുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.