"ഓള് ഇന്ത്യ റേഡിയോ' ഇനിയില്ല; ആകാശവാണി എന്ന പേരിൽ മാത്രം ഇനി അറിയപ്പെടും
Friday, May 5, 2023 3:49 AM IST
ന്യൂഡൽഹി: പൊതുമേഖലയിലുള്ള വാർത്താ പ്രക്ഷേപണ സ്ഥാപനമായ ഓൾ ഇന്ത്യ റേഡിയോ ഇനിമുതൽ അറിയപ്പെടുക ആകാശവാണിയെന്നു മാത്രം. ആകാശവാണി ഡയറക്ടർ ജനറൽ വസുധ ഗുപ്ത വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ എഐആർ (ഓൾ ഇന്ത്യ റേഡിയോ) എന്ന പേര് ആകാശവാണി എന്നു മാറ്റിയതായി വ്യക്തമാക്കി. ഇതു വളരെ മുന്പെടുത്ത തീരുമാനമാണെന്നും പ്രാബല്യത്തിൽ വരുന്നതിനു കാലതാമസം നേരിട്ടതാണെന്നും പ്രസാർ ഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗൗരവ് ദ്വിവേദി പറഞ്ഞു.
വിഖ്യാത സാഹിത്യകാരൻ രവീന്ദ്രനാഥ ടാഗോറാണു 1939ൽ കോൽക്കത്ത ഷോർട്ട് വേവ് സർവീസിന്റെ ഉദ്ഘാടനത്തിൽ ഓൾ ഇന്ത്യ റേഡിയോയെ ആകാശവാണിയെന്നു വിശേഷിപ്പിച്ചത്. രാജ്യത്ത് 179 പ്രാദേശിക ഭാഷകളിൽ പ്രക്ഷേപണം ചെയ്യുന്ന ആകാശവാണി 470 പ്രക്ഷേപണ കേന്ദ്രങ്ങളിലൂടെ രാജ്യത്തിന്റെ 99 ശതമാനത്തിൽ അധികം ജനങ്ങളിലേക്ക് സേവനമെത്തിക്കുന്നുണ്ട്.