നിയമപ്രകാരം കോഴി മൃഗമോ, പക്ഷിയോ..? നിലപാട് വ്യക്തമാക്കി ഗുജറാത്ത് സർക്കാർ ഹൈക്കോടതിയിൽ
Sunday, April 2, 2023 11:20 AM IST
അഹമ്മദാബാദ്: നിയമപ്രകാരം കോഴിയെ മൃഗമായാണ് കണക്കാക്കുന്നതെന്ന് ഗുജറാത്ത് സർക്കാർ ഹൈക്കോടതിയിൽ. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം കോഴിയും ഇതേയിനത്തിലുള്ള മറ്റു പക്ഷികളും ‘മൃഗ’ വിഭാഗത്തിൽ ഉൾപ്പെടുമെന്ന് ഗുജറാത്ത് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
കോഴികളെ ഇറച്ചിക്കടകളിൽ കശാപ്പു ചെയ്യുന്നതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കശാപ്പുശാലകൾക്ക് പകരം കോഴിക്കളെ ഇറച്ചിക്കോഴി വിൽക്കുന്ന കടകളിൽ അനധികൃതമായി കശാപ്പ് ചെയ്യുന്നതിനെതിരെ ജനുവരിയിൽ രണ്ട് എൻജിഒകളാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. തുടർന്ന് അനുമതിയില്ലാത്ത ഇറച്ചിക്കടകൾക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി അധികൃതർക്ക് നിർദേശം നൽകിയിരുന്നു.
ഇതേത്തുടർന്ന് അധികൃതർ സംസ്ഥാനത്തുടനീളമുള്ള ഇറച്ചിക്കടകളിൽ റെയ്ഡ് നടത്തുകയും ചട്ടങ്ങൾ ലംഘിച്ചതിന് പല കടകൾക്കും അടച്ചുപൂട്ടൽ നോട്ടിസ് നൽകുകയും ചെയ്തു. ഇതിനെതിരെ ഇറച്ചിക്കടകളുടെയും കോഴിക്കടകളുടെയും ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജികള്‍ പരിഗണിക്കുമ്പോൾ കോഴികള്‍ പക്ഷികളുടെ പരിധിയില്‍ വരുമോ മൃഗങ്ങളുടെ പരിധിയില്‍ വരുമോ എന്ന ചോദ്യം കോടതി ഉന്നയിച്ചിരുന്നു.
തുടർന്നാണ് ഗവൺമെന്റ് പ്ലീഡർ നിയമപ്രകാരമുള്ള ‘മൃഗം’ എന്നതിന്റെ നിർവചനത്തിൽ കോഴിയും ഉൾപ്പെടുന്നുവെന്ന് കോടതിയെ അറിയിച്ചത്.