ബംഗാളിൽ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു
Sunday, April 2, 2023 3:08 AM IST
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു. ബർധമാനിലാണ് സംഭവം. രാജു ഝാ എന്നയാളാണ് കൊല്ലപ്പെട്ടത്.
രാജു ഝായെയും സുഹൃത്തുക്കളെയും കോൽക്കത്തയിലേക്കുള്ള യാത്രാമധ്യേ ശക്തിഗഢ് പ്രദേശത്തെ പലഹാരക്കടയ്ക്ക് പുറത്ത് വച്ച് അജ്ഞാതർ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ആക്രമികൾ ഓടി രക്ഷപെട്ടു.
കാറിൽ രാജു ഝാ ഉൾപ്പെടെ മൂന്ന് പേരുണ്ടായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ബർധമാൻ എസ്പി കാംനാസിസ് സെൻ പറഞ്ഞു.
വെടിയേറ്റ് ഗുരുതരാവസ്ഥയിലായ രാജു ഝായെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടതുമുന്നണിയുടെ ഭരണകാലത്ത്, ബംഗാളിലെ സിൽപാഞ്ചലിൽ അനധികൃത കൽക്കരി വ്യാപാരം നടത്തിയിരുന്നയാളാണ് ഝാ. നിരവധി കേസുകളിൽ പ്രതിയുമാണ് ഇയാൾ.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.