മിസോറാം സന്ദർശനത്തിനിടെ അമിത്ഷായ്ക്ക് നേരെ കരിങ്കൊടി വീശി
Sunday, April 2, 2023 2:34 AM IST
ഐസ്വാൾ: മിസോറാമിൽ സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ കരിങ്കൊടി വീശി. തലസ്ഥാനമായ ഐസ്വാളിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രിയെ കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.
രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരായുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രവർത്തകർ തടിച്ചുകൂടിയത്.
സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ അമിത് ഷാ മൈതാനത്തെത്തിയപ്പോൾ പ്രതിഷേധക്കാർ പ്ലക്കാർഡുകളും കരിങ്കൊടികളും ഉയർത്തി. രാഹുൽ ഗാന്ധിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അവർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ബിജെപി അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയാണെന്നും ഭരിക്കുന്ന പാർട്ടി തങ്ങളുടെ തെറ്റായ പ്രവൃത്തികൾ തുറന്നുകാട്ടപ്പെടുമെന്ന് ഭയപ്പെടുകയാണെന്നും അതിനാൽ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
മിസോറാമിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ അമിത് ഷാ, പുതിയ അസം റൈഫിൾസ് ആസ്ഥാന സമുച്ചയവും ലാൽഡെംഗ കൾച്ചറൽ സെന്ററും ഉൾപ്പെടെ 2,414 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടീലും നിർവഹിച്ചു.