പാഠ്യപദ്ധതി പരിഷ്കരണം ആധുനികതയിൽ ഊന്നി: മന്ത്രി വി. ശിവൻകുട്ടി
Saturday, April 1, 2023 8:17 PM IST
തിരുവനന്തപുരം: മാനവികതയിൽ ഊന്നി പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്നതാണ് പാഠ്യപദ്ധതി പരിഷ്കരണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജ്ഞാനസമൂഹമാക്കി കേരളത്തെ മാറ്റുക എന്നതാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.
ആധുനികത, മാനവികത, ജനകീയത എന്നിവ അടിസ്ഥാനപ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരണം സർക്കാർ മുന്നോട്ടു കൊണ്ടുപോവുകയാണ്. ജ്ഞാനസമൂഹമാക്കി കേരളത്തെ മാറ്റുക എന്നതാണ് ഉദ്ദേശ്യം. ലോകത്ത് ഉണ്ടാകുന്ന ഏത് വിജ്ഞാനവും അപ്പപ്പോൾ സ്വാംശീകരിച്ച് ഉപയോഗിക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ കേരള സ്കൂൾ എജുക്കേഷൻ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവർക്കും നീതിയിലധിഷ്ഠിതമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഒരുക്കുക എന്ന ലക്ഷ്യത്തിലേക്ക് ആണ് കേരളം നടന്നടുക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാണ് സംസ്ഥാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.