കൊച്ചിയില്‍ വാതകചോര്‍ച്ച; നഗരത്തിൽ രൂക്ഷഗന്ധം പരന്നു
Saturday, April 1, 2023 11:30 AM IST
കൊച്ചി: കൊച്ചിയില്‍ രാസവാതകചോര്ച്ച. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇടപ്പള്ളി, കളമശേരി, കാക്കനാട് ഭാഗങ്ങളില്‍ പാചകവാതകത്തിന് സമാനമായ രൂക്ഷഗന്ധം പരന്നു.
ഇതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ കങ്ങരപ്പടിയിലെ ഗ്യാസ് പൈപ്പുകളില്‍ ചോര്‍ച്ച വന്നതായി കണ്ടെത്തി. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസിന്റെ പൈപ്പ്ലൈനിലാണ് ചോര്‍ച്ചയുണ്ടായതെന്നാണ് വിവരം. അപകടകരമായ വാതകമല്ല ചോര്‍ന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
എല്‍പിജി ചോര്‍ച്ചയുണ്ടായാല്‍ മനസിലാക്കാനായി ഒരു ഗന്ധം ചേര്‍ക്കാറുണ്ട്. അതുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തകരാറാണിതെന്ന് കമ്പനി അറിയിച്ചു. പ്രശ്നം പരിഹരിച്ചുവരികയാണെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം പലര്‍ക്കും ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായി.