ബ്ലേഡ് റണ്ണറിന്റെ കാര്യത്തിൽ "കണക്കുതെറ്റി' ദക്ഷിണാഫ്രിക്ക
Friday, March 31, 2023 10:32 PM IST
പ്രിട്ടോറിയ: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്ന ദക്ഷിണാഫ്രിക്കൻ അത്ലറ്റിക്സ് താരം ഓസ്കർ പിസ്റ്റോറിയസിന് ശിക്ഷായിളവ് നൽകാനുള്ള തീരുമാനം കണക്കുക്കൂട്ടലിലെ പാളിച്ച മൂലം മാറ്റിവച്ചു.
പിസ്റ്റോറിയസ് ശിക്ഷാകാലാവധിയുടെ പകുതി പൂർത്തിയാക്കിയെന്ന് കണക്കാക്കിയാണ് ദക്ഷിണാഫ്രിക്കൻ അധികൃതർ പരോളിനായുള്ള നടപടികൾ മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ ഇനിയും ഒന്നര വർഷം കൂടി ശിക്ഷ അനുഭവിച്ചാൽ മാത്രമാകും താരത്തിന് പരോളിന് അപേക്ഷിക്കാനാവുക.
2013-ലാണ് ബ്ലേഡ് റണ്ണർ എന്നറിയപ്പെടുന്ന പിസ്റ്റോറിയസ് കാമുകിയും മോഡലുമായ റീവ സ്റ്റീൻകാംപിനെ വെടിവച്ച് കൊലപ്പെടുത്തിയത്. ശുചിമുറിക്കുള്ളിലായിരുന്ന സ്റ്റീൻകാംപിനെ പൂട്ടിയിട്ടിരുന്ന കതകിലൂടെ നാല് തവണ വെടിയുതിർത്താണ് പിസ്റ്റോറിയസ് കൊലപ്പെടുത്തിയത്.
താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ശുചിമുറിക്കുള്ളിൽ കാമുകിയെ ആക്രമിക്കാനായി ആരോ എത്തിയെന്ന തെറ്റിധാരണ മൂലമാണ് വെടിയുതിർത്തെന്നുമാണ് താരം വാദിച്ചത്. ഈ വാദം അവഗണിച്ച കോടതി, ഗാർഹിക പീഡനത്തെത്തുടർന്നുള്ള നരഹത്യക്കുറ്റം ചുമത്തി 13 വർഷത്തെ തടവുശിക്ഷയാണ് പിസ്റ്റോറിയസിന് വിധിച്ചത്.
ദക്ഷിണാഫ്രിക്കൻ നിയമപ്രകാരം ഒരു തടവുപുള്ളിക്ക് നൽകിയ ശിക്ഷയുടെ ഉദ്ദേശ്യലക്ഷ്യം നിറവേറ്റപ്പെട്ടുവെന്ന് പരോൾ ബോർഡിന് ബോധ്യമായാൽ ശിക്ഷായിളവ് അനുവദിക്കാവുന്നതാണ്. ഇത്തരത്തിൽ ഇളവ് ലഭിച്ചിരുന്നെങ്കിൽ പിസ്റ്റോറിയസിന് ജയിൽമോചിതനാകാമായിരുന്നു.