റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ.വി. തോമസ്
Thursday, March 30, 2023 1:08 AM IST
ന്യൂഡൽഹി: റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ്. അവതരിപ്പിച്ച പദ്ധതികളിൽ അനുകൂലമായ നടപടിയുണ്ടാകുമെന്നാണു കേന്ദ്രത്തിന്റെ പ്രതികരണമെന്ന് കെ.വി തോമസ് പറഞ്ഞു.
നേമം ടെർമിനൽ പദ്ധതി, അങ്കമാലി- എരുമേലി ശബരി ന്യൂലൈൻ പദ്ധതി എന്നിവ വിശദമായി ചർച്ച ചെയ്തു. ശബരി ന്യൂലൈൻ പദ്ധതിയുടെ 50 ശതമാനം ചെലവ് കേരള സർക്കാർ ഏറ്റെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ കത്തും കേന്ദ്രമന്ത്രിക്കു കൈമാറി. പദ്ധതി മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കുമെന്ന് കേന്ദ്ര റെയിൽമന്ത്രി ഉറപ്പ് നൽകി.
കാഞ്ഞങ്ങാട്-പാണത്തൂർ - കാണിയൂർ ന്യൂ ലൈൻ പദ്ധതി, ഗുരുവായൂർ -തിരുനാവായ ന്യൂ ലൈൻ പദ്ധതി, തലശേരി - മൈസൂരു - നിലന്പൂർ - നഞ്ചംഗുഡ് ന്യൂലൈൻ പദ്ധതി എന്നിവയാണ് ചർച്ച ചെയ്ത മറ്റു പദ്ധതികൾ. സിൽവർ ലൈൻ പദ്ധതിയും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.