മനോലോ മാർക്വേസ് ഹൈദരാബാദ് എഫ്സി പരിശീലക സ്ഥാനം ഒഴിയുന്നു
Tuesday, March 28, 2023 10:36 PM IST
ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗ് ടീം ഹൈദരാബാദ് എഫ്സിയുടെ പരിശീലക സ്ഥാനം ഒഴിയാൻ മനോലോ മാർക്വേസ്. 2022-23 സീസൺ അവസാനിക്കുന്നതോടെ മാർക്വേസ് പരിശീലക സ്ഥാനം ഒഴിയുമെന്ന് ക്ലബ് അറിയിച്ചു.
സൂപ്പർ കപ്പിന് ശേഷമായിരിക്കും മാർക്വേസ് ടീം വിടുകയെന്നും പുതിയ പരിശീലകനെ ഉടൻ തീരുമാനിക്കുമെന്നും ക്ലബ് വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് സീസണുകളിലായി ടീമിനെ നയിച്ച മാർക്വേസ്, ഡെക്കാൻ ലീജന്റെ കന്നി ഐഎസ്എൽ കിരീടനേട്ടത്തിന് നായകത്വം വഹിച്ച വ്യക്തിയാണ്. കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി കപ്പുയർത്തിയ കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കാനായില്ലെങ്കിലും സെമി ഫൈനൽ പോരാട്ടം വരെ മാർക്വേസ് ടീമിനെ എത്തിച്ചിരുന്നു.
ലീഗ് ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്സിക്ക് പിന്നിലായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് എച്ച്എഫ്സി സീസൺ ഫിനിഷ് ചെയ്തത്.