നരബലിക്കായി 10 വയസുകാരനെ കൊന്നു; ബന്ധു ഉൾപ്പടെ അറസ്റ്റിൽ
Monday, March 27, 2023 6:00 AM IST
ലക്നോ: ഉത്തർപ്രദേശിൽ നരബലിക്കായി 10 വയസുകാരനെ കൊലപ്പെടുത്തിയ മൂന്നുപേർ അറസ്റ്റിൽ. പർസ ഗ്രാമവാസിയായ കൃഷ്ണ വർമ്മയുടെ മകൻ വിവേക് ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി മുതൽ വിവേകിനെ കാണാതായിരുന്നു. അന്ന് രാത്രി തന്നെ കഴുത്തറത്ത നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
അന്വേഷണത്തിൽ കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുവായ അനൂപിന് മാനസിക വെല്ലുവിളി നേരിടുന്ന രണ്ടര വയസള്ള മകനുണ്ടെന്ന് പോലീസ് കണ്ടെത്തി. ചികിത്സ ഫലം കാണാതെ വന്നതോടെ അനൂപ് ഗ്രാമത്തിനടുത്തുള്ള ഒരു മന്ത്രവാദിയെ സമീപിച്ചു.
മന്ത്രവാദിയാണ് നരബലി നടത്താൻ അനൂപിനെ പ്രേരിപ്പിച്ചത്. തുടർന്ന് അമ്മാവൻ ചിന്താറാമിന്റെ സഹായത്തോടെയാണ് അനൂപ് കുട്ടിയെ കൊലപ്പെടുത്തിയത്. ശനിയാഴ്ചയാണ് അനൂപ്, ചിന്താറാം, മന്ത്രവാദി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി എസ്പി അറിയിച്ചു.