പ്രിയന്റെ പ്രിയപ്പെട്ടവൻ; സത്യന്റെ സംഘാംഗം
Monday, March 27, 2023 12:16 AM IST
കോട്ടയം: വെള്ളിത്തിരയിൽ ചില മുഖങ്ങൾ തെളിയുമ്പോൾ ഏത് സംവിധായകന്റെ സൃഷ്ടിയാണ് താൻ കാണുന്നതെന്ന് പ്രേക്ഷകന്റെ ഉപബോധമനസിൽ തെളിഞ്ഞുവരുന്ന തരത്തിൽ മലയാള ചലച്ചിത്രാസ്വാദനത്തെ മാറ്റിയെഴുതിയ ചില പ്രതിഭകളുണ്ട്. പ്രിയദർശൻ, സത്യൻ അന്തിക്കാട് എന്നീ പേരുകൾ ടൈറ്റിൽ കാർഡിൽ തെളിയുന്ന വേളയിൽതന്നെ മലയാളികൾ തങ്ങളുടെ പ്രിയ ഇന്നച്ചനെ പ്രതീക്ഷിച്ചിരിക്കാൻ തുടങ്ങിയത് ഇതിന്റെ പ്രതിപ്രവർത്തനമായി ആണ്.
പ്രിയദർശനും സത്യൻ അന്തിക്കാടും സംവിധായക കുപ്പായം അണിഞ്ഞ് ചില വർഷങ്ങൾ കഴിഞ്ഞാണ് ഇന്നസെന്റ് എന്ന നടൻ മലയാള സിനിമയിൽ സ്വന്തം ഇടംനേടുന്നത്. നിർമാതാവ് എന്ന ഭാരം അഴിച്ചുവച്ചതോടെ ഇന്നച്ചനിലെ ഹാസ്യതാരത്തെ ഇരുവർക്കും കൃത്യമായി മനസിലാക്കാൻ സാധിച്ചു.
1986 മുതൽ സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ ഇന്നസെന്റ് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലെ പോലീസുകാരനായി ആണ് പ്രേക്ഷകമനസിൽ ആദ്യം ശ്രദ്ധ നേടുന്നത്. ശങ്കരാടി അവതരിപ്പിച്ച നോവലിസ്റ്റ് കഥാപാത്രം ആത്മഗതം കണക്കെ ഉരുവിടുന്ന നോവലിലെ ഭീഷണി ഡയലോഗുകൾ കേട്ട് പേടിക്കുന്ന ആ കഥാപാത്രം ചുരുങ്ങിയ നേരം കൊണ്ട് ചിരിപടർത്തി.
ഗതിപിടിക്കാതെ "ദുബായി'ൽ അലയുന്ന ദാസനെയും വിജയനെയും രക്ഷിച്ച് പൊല്ലാപ്പിലാകുന്ന ടാക്സി ഡ്രൈവർ ബാലനായും 10 പവന്റെ മാല "പണിയിച്ച്' നൽകി മകളെ തട്ടാന് ഭാസ്കരന്റെ കൈയിൽ നിന്ന് ഗൾഫുകാരന്റെ പക്കൽ ഏൽപ്പിക്കുന്ന കുശാഗ്രബുദ്ധിക്കാരനായും ഇന്നച്ചൻ നിറഞ്ഞാടി.
വില്ലത്തരത്തിന്റെ ലാഞ്ജന താരത്തിന് വഴങ്ങുമെന്ന് മഴവിൽക്കാവടിയിലെ കളരിക്കൽ കൃഷ്ണൻകുട്ടി മേനോൻ നമ്മെ കാട്ടിത്തന്നു. ഇതുവരെ കാണാത്തെ മരത്തിൽ ഇടിച്ചുമറിയാനായി പായുന്ന കാറിനെ നോക്കി ഒരു നിമിഷം അഭിമാനപൂരിതനായി നിൽക്കുന്ന മേനോന്റെ മുഖം ഇന്ന് ട്രോൾ പേജുകളെ ഭരിക്കുന്ന മീം ആണ്. ഒടുവിൽ മരുമകന്റെ ക്ഷൗരക്കത്തിക്ക് മുമ്പിൽ ക്ഷീണിതനായി ഇരിക്കുന്ന മേനോന്റെ ഭാവങ്ങൾ ഇന്നച്ചനിലെ അസാധ്യ നടനെ കാട്ടിത്തരുന്നതാണ്.
തുടർന്നിങ്ങോട്ട് പട്ടണപരിഷ്കാരി റെസിഡന്റ്സ് കോളനി സെക്രട്ടറിയായും ജനപിന്നോക്ക യാത്ര നടത്തി വിമാനത്താവളത്തെ എതിർത്ത ജോണി വെള്ളിക്കാല ആയും ഇന്നച്ചൻ സത്യൻ ഗ്രാമങ്ങളിൽ വാണരുളി. ഇടതുപക്ഷ എംപി കൂടിയായിരുന്ന ഇന്നച്ചൻ, കെ- റെയിൽ അടക്കമുള്ള സർക്കാർ പദ്ധതികളെ വിമർശിക്കാനായി പൊതുജനം ജോണി വെള്ളിക്കാലയുടെ രംഗങ്ങൾ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് രോഗാവസ്ഥയിലും ശ്രദ്ധിച്ചിട്ടുണ്ടാകും.
അത്തർ പൂശി മണവാളനാകാൻ കൊതിക്കുന്ന കുര്യാക്കോസിന്റെ അമ്മച്ചിയുടെ നീട്ടിയുള്ള വിളിയും അതിനുള്ള ഇന്നച്ചന്റെ തൃശൂർ ശൈലിയിലെ പ്രതിവാചകവും സത്യൻ ബ്രാൻഡ് പടങ്ങളുടെ മുഖമുദ്രയായി മാറി. 2000-ങ്ങൾക്ക് ശേഷം നായകന്റെ അച്ഛനായും കാരണവരായും തിളങ്ങിയ താരം പുതുതലമുറയിലെ ദേവിക സഞ്ജയ്ക്കൊപ്പം വരെ നിറഞ്ഞാടി.
1987-ലാണ് പ്രിയദർശൻ ഇന്നച്ചനെ പൂർണമായും പ്രയോജനപ്പെടുത്തി തുടങ്ങിയത്. ശ്രീനിവാസന്റെ തൂലിക ഇതിന് കാരണമായി എന്ന് വേണം പറയാൻ. വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ അഴിമതിക്കാരൻ ബ്ലോക് ഓഫീസറായി എത്തി മടങ്ങിയ ഇന്നച്ചൻ പിന്നീടങ്ങോട്ട് പ്രിയൻ പടങ്ങളിലെ ചിരിക്ക് മാലപ്പടക്കം കൊളുത്തുന്ന വ്യക്തിയായി.
സത്യൻ അന്തിക്കാട് ചിത്രങ്ങളിലേത് പോലെ എല്ലാ ചിത്രങ്ങളിലും ഇന്നച്ചനെ പ്രിയൻ വിളിച്ചില്ലെങ്കിലും ഇരുവരും ഒരുമിച്ച വേളകളെല്ലാം അവിസ്മരണീയമായി. മദ്രാസ് തെരുവിലെ ഇടുങ്ങിയ വരാന്തയ്ക്ക് മുമ്പിൽ പ്രേമലേഖനം എഴുതി കൈയക്ഷരം തെളിയിക്കുന്ന കച്ചവടക്കാരനായി തിളങ്ങിയ ഇന്നച്ചൻ പ്രിയൻ പടങ്ങളുടെ തലവര മാറ്റിയ മറ്റൊരു കഥാപാത്രവുമായി ആണ് മടങ്ങിയെത്തിയത്.
മുതലാളിയെ ക്ഷ, ണ്ണ, മ്മ, മ്പ, ട്ട വരയ്പ്പിക്കാൻ കൊതിക്കുന്ന തൊഴിലാളിയായി ഇന്നച്ചൻ കിലുങ്ങിച്ചിരിച്ചു. കിട്ടുണിക്ക് അടിച്ച ലോട്ടറി ടിക്കറ്റിന്റെ അതേ പ്രതീക്ഷയിൽ ഇന്നു ഭാഗ്യാന്വേഷണം നടത്തുന്ന ആയിരങ്ങളുണ്ട്.
അദ്വൈതത്തിലെ മുശടൻ പോലീസുകാരനെ അവതരിപ്പിച്ച അതേ ലാഘവത്തിലാണ് മിഥുനത്തിലെ മദ്യപാനിയായ അളിയനെയും ഇന്നച്ചൻ അവതരിപ്പിച്ചത്. കൊതുമ്പുവള്ളം കണക്കെ ചെരിച്ചുവച്ച മീശയുമായി കൂടോത്ര തേങ്ങയെ ഭയക്കാതെ നിന്ന അളിയൻ ഒരേസമയം ധൈര്യത്തിന്റെയും ലോജിക്കിന്റെയും പ്രതീകമായി.
പഞ്ചാബി ഹൗസിന്റെ റീമേക്കായ ഡോളി സജാ കെ രഖ്നായിലൂടെ ഹിന്ദിയിലും ഇന്നസെന്റ് അരങ്ങേറി. ഹിന്ദി അറിയാതെ പാർലമെന്റിൽ വെറുതെ ഇരുന്ന വ്യക്തിയാണ് താനെന്ന് പറഞ്ഞ ഇന്നസെന്റ് മലാമൽ വീക്ക്ലി എന്ന പ്രിയന്റെ ഡയറക്ട് ഹിന്ദി ചിത്രത്തിൽ മൃതദേഹമായി ഇരുന്ന് അഭിനയിച്ചു. ഇതേ ചിത്രം മലയാളത്തിൽ ആമയും മുയലുമായി എത്തിയപ്പോൾ ഓടിനടന്ന് നല്ലവൻ എന്ന പാൽക്കാരൻ ആയി ഓടിനടന്ന് തകർത്തഭിനയിച്ചു.
ഒടുവിൽ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും ഇന്നസെന്റിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
ജോർജ് സഖറിയ