രാഹുല്‍ മാപ്പ് പറഞ്ഞില്ല, രക്തസാക്ഷി പരിവേഷത്തിനുള്ള ശ്രമം നടത്തുന്നു: ബിജെപി
Saturday, March 25, 2023 3:11 PM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിജെപി. രാഹുല്‍ ഗാന്ധി ഒരു സമുദായത്തെ അപമാനിച്ചു. കോടതി ആവശ്യപ്പെട്ടിട്ടും മാപ്പ് പറയാന്‍ തയാറായില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാഹുലിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തും. ഇതിന് മുമ്പ് നിരവധി നേതാക്കള്‍ അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്.
വിഷയത്തില്‍ കോണ്‍ഗ്രസ് എന്തുകൊണ്ട് മേല്‍ക്കോടതിയെ സമീപിക്കുന്നില്ല, രക്തസാക്ഷി പരിവേഷത്തിനുള്ള ശ്രമമാണ് നടത്തുന്നത്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്നും രവിശങ്കര്‍ ആരോപിച്ചു.
രാഹുല്‍ ഒന്നും പറഞ്ഞില്ലെന്ന് അവകാശപ്പെടുന്നത് കള്ളമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. രാഹുല്‍ വിദേശത്ത് വച്ച് ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിച്ചു. വിദേശശക്തികള്‍ക്ക് ഇന്ത്യയില്‍ ഇടപെടല്‍ നടത്താന്‍ നിര്‍ദേശം നല്കി.
2004 മുതല്‍ അദാനിയുടെ കമ്പനികള്‍ക്ക് വിദേശത്ത് കരാര്‍ കിട്ടിയിട്ടുണ്ട്. ഇതിനുള്ള സഹായം നല്‍കിയത് യുപിഎ സര്‍ക്കാരാണോ എന്നും രവിശങ്കര്‍ ചോദിച്ചു. രാജസ്ഥാനിലും കേരളത്തിലും അദാനിയുടെ കമ്പനികള്‍ക്ക് കരാറുകള്‍ കിട്ടിയത് എങ്ങനെയാണെന്ന് മറുപടി പറണം.
കോണ്‍ഗ്രസിനെ ജനങ്ങള്‍ തഴയുന്നതിന്റെ അമര്‍ഷമാണ് രാഹുല്‍ പ്രകടിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ വന്ന് കാര്യങ്ങള്‍ വിശദീകരിക്കാന്‍ പറയുമ്പോള്‍ പലപ്പോഴും രാഹുല്‍ ഒഴിഞ്ഞുമാറുകയായിരുന്നെന്നും രവിശങ്കര്‍ അവകാശപ്പെട്ടു.
റഫാല്‍ ആരോപണത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം രാഹുലിന് മാപ്പ് പറയേണ്ടിവന്നു. ജനങ്ങള്‍ രാഹുലിനെ തെരഞ്ഞെടുപ്പുകളില്‍ തള്ളിക്കളയുമെന്നും രവിശങ്കര്‍ പറഞ്ഞു.