പെൻഷൻ പ്രായം ഉയർത്തൽ; വിശ്വാസ വോട്ട് നേടി ഫ്രഞ്ച് സർക്കാർ
Tuesday, March 21, 2023 1:20 AM IST
പാരിസ്: പെൻഷൻ പ്രായം ഉയർത്താനുള്ള ഫ്രഞ്ച് സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം നടത്തിയ അവിശ്വാസ പ്രമേയം പാർലമെന്റ് വോട്ടിനിട്ട് തള്ളി.
278 വോട്ടുകൾ നേടിയാണ് ഇമ്മാനുവൽ മക്രോ സർക്കാർ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിച്ചത്. അവിശ്വാസ പ്രമേയം പാസാകാനുള്ള 287 വോട്ടുകളിൽ നിന്ന് ഒമ്പത് വോട്ടുകൾ മാത്രം അകലെയാണ് പ്രതിപക്ഷത്തിന്റെ പോരാട്ടം വീണത്.
നിലവിലെ പെൻഷൻ പ്രായം രണ്ട് വർഷം കൂടി ഉയർത്തി 64 ആയി നിശ്ചയിക്കാനുള്ള നീക്കത്തിനെതിരെ രാജ്യവ്യാപകമായി കനത്ത പ്രതിഷേധമാണ് നടന്നുവരുന്നത്. ഇതിനിടെയാണ് പ്രതിപക്ഷ കക്ഷികൾ അവിശ്വാസ പ്രമേയ ഭീഷണി ഉയർത്തിയത്.
താൽക്കാലിക വിജയം നേടി സർക്കാരിന്റെ ഭൂരിപക്ഷവും പെൻഷൻ പ്രായ പരിഷ്കരണവും നിലനിർത്താൻ സാധിച്ചെങ്കിലും മക്രോ സർക്കാരിനുള്ള ഭീഷണി ഒഴിയുന്നില്ല. സർക്കാർ നീക്കത്തിനെതിരെ സമരം തുടരുമെന്ന് യൂണിയനുകളും യുവജന സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യ അവിശ്വാസ പ്രമേയം പരാജയപ്പെട്ട ഉടൻതന്നെ തീവ്ര വലതുകക്ഷിയായ നാഷണൽ റാലി മറ്റൊരു പ്രമേയം കൂടി അവതരിപ്പിച്ചെങ്കിലും മറ്റ് പ്രതിപക്ഷ കക്ഷികൾ വിട്ടുനിന്നു. ഈ വോട്ടെടുപ്പിൽ 94 വോട്ടുകൾ മാത്രമാണ് സർക്കാരിനെതിരെ രേഖപ്പെടുത്തപ്പെട്ടത്.