100 കോടി പിഴ; നിലവിലെ സാഹചര്യത്തിൽ അടയ്ക്കാനാകില്ലെന്ന് മേയർ
Saturday, March 18, 2023 12:03 PM IST
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കൊച്ചി മേയർ എം. അനിൽ കുമാർ.
നിലവിലെ സാഹചര്യത്തിൽ 100 കോടി രൂപ പിഴ അടയ്ക്കാനാകില്ല. വിശദമായ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. അതിൽ താൻ പറഞ്ഞ കാര്യങ്ങളൊന്നും തെറ്റല്ല എന്ന് വ്യക്തമാക്കുന്ന വിശദീകരണം ഉണ്ട്. മുൻ മേയർമാരെല്ലാം അവരുടെ കാലത്ത് എല്ലാം കൃത്യമായിരുന്നു എന്ന് പറയുന്നത് വെറുതെയാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് അടക്കം ഉത്തരവിലുണ്ട്. പക്ഷേ നിലവിൽ പരസ്പരം പഴിചാരുന്നതിൽ അർഥമില്ല. പുതിയ തലത്തിലേക്ക് കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടതെന്നും മേയർ എം.അനിൽ കുമാർ പറഞ്ഞു.
ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ പിഴത്തുക തുക ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിക്ക് കൈമാറണമെന്നാണ് നിർദേശം. ദുരന്തത്തെതുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനായി ഈ തുക ഉപയോഗിക്കണം. തീപിടിത്തത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചിട്ടുണ്ട്.
സർക്കാരിന്റെ ഭരണ നിര്‍വഹണത്തിലെ വീഴ്ചയാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതെന്നും മാലിന്യപ്ലാന്റിലെ തീപിടിത്തത്തിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ വെള്ളിയാഴ്ച വിമർശിച്ചിരുന്നു.
ഹരിത ട്രൈബ്യൂണൽ സ്വമേധയ എടുത്ത കേസിലാണ് വിമർശനം. ആറാം തീയതിയിലെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയ കേസെടുത്തത്. ജസ്റ്റീസ് എ.കെ. ഗോയൽ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമർശനം.