ജോലിക്ക് ഭൂമി: ലാലു പ്രസാദ് യാദവും റാബ്റി ദേവിയും ഡല്‍ഹി കോടതിയില്‍ ഹാജരായി
Wednesday, March 15, 2023 10:41 AM IST
ന്യൂഡല്‍ഹി: ജോലിക്ക് പകരം ഭൂമി തട്ടിപ്പ് കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) ദേശീയ അധ്യക്ഷനുമായ ലാലു പ്രസാദ് യാദവും ഭാര്യ റാബ്റി ദേവിയും മറ്റ് 14 പേരും ബുധനാഴ്ച ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരായി.
2004 നും 2009 നും ഇടയില്‍ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലാലുവിന്റെ കുടുംബത്തിന് ഭൂമി സമ്മാനമായി നല്‍കുകയോ വില്ക്കുകയോ ചെയ്യുന്നവര്‍ക്ക് പകരമായി റെയില്‍വേയില്‍ നിയമനം നൽകിയെന്നാണ് കേസ്.
ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസിൽ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ റെയില്‍വേയുടെ നിയമന ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് ക്രമവിരുദ്ധ നിയമനങ്ങള്‍ നടന്നതായി സിബിഐ കുറ്റപത്രത്തില്‍ ആരോപിച്ചു.
അതേ സമയം കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ചൊവ്വാഴ്ച മൂന്നാം തവണയും സിബിഐക്ക് മുന്നില്‍ ഹാജരായില്ല. ഈ മാസം നാലിനും പതിനൊന്നിനും ഹാജരാകാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യാദവിന് സിബിഐ നോട്ടീസ് നല്‍കിയിരുന്നു.