ഭഗവന്ത് മന്നും അമിത്ഷായും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും
Thursday, March 2, 2023 12:16 AM IST
ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. സ്വയം പ്രഖ്യാപിത സിഖ് മതപ്രഭാഷകനും ഖാലിസ്ഥാനി അനുഭാവിയുമായ അമൃതപാൽ സിംഗും അനുയായികളും തന്റെ സഹായിയെ മോചിപ്പിക്കുന്നതിനായി അമൃത്സറിലെ പോലീസ് സ്റ്റേഷനിൽ പോലീസുമായി ഏറ്റുമുട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
കഴിഞ്ഞയാഴ്ചയുണ്ടായ സംഘർഷത്തിൽ പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ഓഫീസർ ഉൾപ്പെടെ ആറ് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. പഞ്ചാബിലെ എഎപി സർക്കാർ സംസ്ഥാനത്തെ ക്രമസമാധാന നില വഷളാക്കിയെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികളുടെ കനത്ത വിമർശനമുന്നയിക്കുന്നതിനിടെയാണ് ഭഗവന്ത് മന്ന് ഡൽഹിക്ക് തിരിക്കുന്നത്.
സംസ്ഥാനത്ത് ഗവർണർ ഭരണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ, അമൃതപാൽ സിംഗിനെയും അനുയായികളെയും അറസ്റ്റ് ചെയ്യാനാണ് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്.