യുവജന കമ്മീഷന് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ല; ധനവകുപ്പിന് ചിന്ത ജെറോമിന്റെ കത്ത്
Thursday, February 23, 2023 4:44 PM IST
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന് ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കാന്‍ പണമില്ലെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം ധനകാര്യവകുപ്പിന് കത്തയച്ചു. സംസ്ഥാന സര്‍ക്കാരിനോട് 26 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. 18 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു.
ചിന്തയുടെ ശമ്പള കുടിശിക ഉള്‍പ്പെടെയുള്ള തുകയാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ബജറ്റില്‍ 76.06 ലക്ഷം രൂപയാണ് യുവജനകമ്മീഷന് അനുവദിച്ചത്. ഇത് തികയാതെ വന്നതിനാല്‍ ഡിസംബറില്‍ ഒന്‍പത് ലക്ഷം വീണ്ടും അനുവദിച്ചിരുന്നു. ഇതിനെല്ലാം പുറമേയാണ് 18 ലക്ഷം അനുവദിച്ചത്.
2022-23 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പ്രവര്‍ത്തനത്തില്‍ ഇതുവരെ 1.03 കോടി രൂപയിലധികം തുകയാണ് തുകയാണ് യുവജനകമ്മീഷന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ പത്ത് ലക്ഷത്തിലധികം രൂപയുടെ ബില്ലുകള്‍ ട്രഷറിവഴി മാറുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി തേടണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചിന്ത ധനവകുപ്പിന് കത്തയച്ചത്.