ശിവസേന തർക്കം: തൽസ്ഥിതി തുടരാൻ ഉത്തരവ്
Wednesday, February 22, 2023 6:06 PM IST
ന്യൂഡൽഹി: ശിവസേന എന്ന പേരും "അമ്പും വില്ലും' ചിഹ്നവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി റദ്ദാക്കണമെന്ന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.
പാർട്ടി പേരും ചിഹ്നവും സംബന്ധിച്ച ഉത്തരവിന്മേൽ നിലവിൽ മാറ്റങ്ങൾ വരുത്താനാകില്ലെന്നും തൽസ്ഥിതി തുടരണമെന്നും കോടതി അറിയിച്ചു. എന്നാൽ വിഷയത്തിന്മേൽ താക്കറെ വിഭാഗം നൽകിയ ഹർജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ഹർജി രണ്ടാഴ്ച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും.
പാർട്ടിയുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും ഷിൻഡെ വിഭാഗം സ്വന്തമാക്കാതിരിക്കാൻ നടപടി വേണമെന്ന താക്കറെ വിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. സ്വത്തുവകകൾ മരവിപ്പിക്കാൻ സാധിക്കില്ലെന്ന് കോടതി അറിയിച്ചു. ഇതിനിടെ സ്വത്തുക്കളും പാർട്ടി ഓഫീസും ഏറ്റെടുക്കില്ലെന്നും വിപ്പ് പുറപ്പെടുവിക്കുന്ന നടപടികൾ നിലവിൽ നടത്തില്ലെന്നും ഷിൻഡെ വിഭാഗം കോടതിക്ക് ഉറപ്പ് നൽകി.
കൂറുമാറി ഷിൻഡെയ്ക്കൊപ്പം ചേർന്ന എംഎൽഎമാരെ അയോഗ്യരാക്കണമെന്ന താക്കറെ വിഭാഗത്തിന്റെ ആവശ്യവും കോടതി തള്ളി.