അടി കാര്യമാക്കേണ്ട, എനിക്കും കിട്ടിയിട്ടുണ്ട്: യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഉപദേശിച്ച് മന്ത്രി
Wednesday, February 22, 2023 12:51 PM IST
കൊച്ചി: കളമശേരിയിലെ സമരത്തിനിടെ പോലീസിന്റെ മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എൽദോ ബാബുവിന് ഉപദേശവുമായി മന്ത്രി വി.ശിവൻകുട്ടി. മൂവാറ്റുപുഴയിലെ പൊതുചടങ്ങിൽ മുറിവുകളുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനെയാണ് മന്ത്രി അടുത്ത് എത്തി ആശ്വസിപ്പിച്ചത്.
രാഷ്ട്രീയ പ്രവർത്തനത്തിൽ ഇതൊക്കെ പതിവാണെന്നും തനിക്കും കുറെയേറെ തല്ലും അടിയും ഒക്കെ കിട്ടിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ഭാവിയിൽ ഇത് ഉപകാരമായി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ പോലീസ് ക്രൂരമായി മർദിക്കുകയാണെന്ന് ആരോപിച്ചാണ് കളമശേരിയിൽ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. മാർച്ചിന് നേരെയുണ്ടായ ലാത്തിച്ചാർജിൽ എൽദോ അടക്കം എട്ട് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.