മുഖ്യന് കരിങ്കൊടി; യൂത്തന്മാരെ വളഞ്ഞിട്ട് തല്ലി സഖാക്കൾ
Tuesday, February 21, 2023 9:40 PM IST
കൊല്ലം: വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന് നേരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചു. കൊല്ലം ചിന്നക്കട ജംഗ്ഷനിൽ പോലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെയാണ് യൂത്തന്മാരെ സഖാക്കൾ തല്ലിച്ചതച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സനലിനടക്കം രണ്ട് പേർക്ക് പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധം കണക്കിലെടുത്ത് മന്ത്രിക്ക് സുരക്ഷ ഒരുക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരാണ് യൂത്ത് കോൺഗ്രസുകാരെ മർദിച്ചത്.
മർദനത്തിൽ നിന്ന് രക്ഷപ്പെടാനായി സമീപത്തുള്ള ബേക്കറിയിലേക്ക് ഇവർ ഓടിക്കയറി. എന്നാൽ പിന്നാലെയെത്തിയ ഡിവൈഎഫ്ഐ സംഘം കമ്പും ബക്കറ്റും ഉപയോഗിച്ച് ഇവരെ തല്ലിച്ചതയ്ക്കുകയായിരുന്നു. ആക്രമണത്തിൽ ബേക്കറിക്കും നാശനഷ്ടമുണ്ടായി.
ആക്രമണത്തിനിടെ ഒരു മാധ്യമപ്രവർത്തകനും പരിക്കേറ്റു. മർദനമേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.