കോൺഗ്രസ് പ്രവർത്തക സമിതിയിലേയ്ക്ക് തെരഞ്ഞെടുപ്പ് വേണം; ആവശ്യവുമായി ചിദംബരം
Tuesday, February 21, 2023 1:48 PM IST
ന്യൂഡൽഹി: പാർട്ടി പ്രവർത്തക സമിതി അംഗങ്ങളെ തെരഞ്ഞെടുപ്പ് വഴി കണ്ടെത്തണമെന്ന് മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം. തെരഞ്ഞെടുപ്പിൽ തനിക്ക് വ്യക്തിപരമായ ആഗ്രഹങ്ങളോ അഭിലാഷങ്ങളോ ഇല്ലെന്നും യുവാക്കളെ കൂടുതലായി പരിഗണിക്കണമെന്ന് മാത്രമാണ് ആഗ്രഹമെന്നും ചിദംബരം വ്യക്തമാക്കി.
രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ വസ്തുനിഷ്ഠമായ മനസിലാക്കണം. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ഉറപ്പിക്കേണ്ടത് കോൺഗ്രസാണ്. അതുകൊണ്ട് തന്നെ പാർട്ടിയുടെ പരമോന്നത തീരുമാനമെടുക്കുന്ന പ്രവർത്തക സമിതി അംഗങ്ങളെ സുതാര്യമായ രീതിയിൽ കണ്ടെത്തണമെന്നാണ് തന്റെ വ്യക്തിപരമായ കാഴ്ചപ്പാട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രവർത്തക സമിതിയിലേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള പല നേതാക്കൾക്കും തെരഞ്ഞെടുപ്പ് നടത്തണമെന്ന അഭിപ്രായമാണുള്ളത്.
ഈ മാസം 24 മുതല്‍ 26 വരെ നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് നടക്കുമോ എന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.