ഐസിസി ചതിച്ചു..! മൂന്ന് ഫോർമാറ്റിലും ഒന്നാം നന്പർ വെറും ആറ് മണിക്കൂർ മാത്രം
Wednesday, February 15, 2023 11:14 PM IST
ന്യൂഡൽഹി: ഐസിസി ക്രിക്കറ്റ് ലോക റാങ്കിംഗിൽ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനമെന്ന സമ്മോഹന കിരീടം ആറു മണിക്കൂറിനു ശേഷം വീണുടഞ്ഞു. രാത്രിയോടെ പുറത്തുവന്ന പുതിയ ടെസ്റ്റ് ടീം റാങ്കിംഗിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനം മാത്രം.
ഉച്ചകഴിഞ്ഞ് 1.30 മുതൽ രാത്രി 7.30വരെയാണ് ഇന്ത്യ മൂന്ന് ഫോർമാറ്റിലും ഒന്നാം റാങ്കിലുണ്ടായിരുന്നത്. രാത്രിയോടെ കഥ മാറി. ആർക്കോ പിഴവ് പറ്റിയതാണെന്നും ഓസ്ട്രേലിയ തന്നെ മുന്നിലെന്നും ഐസിസി വ്യക്തമാക്കി.
115 റേറ്റിംഗ് പോയിന്റുമായി ഇന്ത്യ ഐസിസി പുരുഷ ടെസ്റ്റ് ടീം ഒന്നാം റാങ്കിലെത്തി എന്നായിരുന്നു ആദ്യ റിപ്പോർട്ട്. 111 പോയിന്റുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും. ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിനു മുന്പ് ഓസ്ട്രേലിയയായിരുന്നു ലോക ഒന്നാം നന്പർ.
എന്നാൽ, രാത്രി ഏഴരയോടെ ഐസിസി റാങ്കിംഗ് പട്ടിക പരിഷ്കരിച്ചു. ഓസ്ട്രേലിയയ്ക്ക് 126ഉം ഇന്ത്യക്ക് 115ഉം പോയിന്റായി അപ്പോൾ.
ഓസ്ട്രേലിയയ്ക്കെതിരായ നാല് മത്സര ടെസ്റ്റ് പരന്പര 3-0, 3-1 എന്നിങ്ങനെ സ്വന്തമാക്കിയാൽ ഇന്ത്യ ഒന്നാം റാങ്കിൽ എത്തുമെന്നതായിരുന്നു വാസ്തവം. ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് റേറ്റിംഗ് പോയിന്റിൽ ഒന്നാം സ്ഥാനത്തോടെ ഇന്ത്യക്ക് ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കാനും അതോടെ സാധിക്കും.
ഏകദിനത്തിലും ട്വന്റി-20യിലും ഇന്ത്യ നേരത്തേ ഒന്നാം റാങ്കിൽ ആയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ടീം ഇന്ത്യ മൂന്ന് ഫോർമാറ്റിലും ലോക ഒന്നാം നന്പർ സ്ഥാനമലങ്കരിക്കുന്നത്.
ജനുവരിയിൽ ന്യൂസിലൻഡിനെതിരായ ഏകദിന പരന്പര 3-0നു സ്വന്തമാക്കിയതോടെയാണ് ഇന്ത്യ ഏകദിനത്തിൽ ഒന്നാം റാങ്കിൽ എത്തിയത്. 2022 ഫെബ്രുവരി 21 മുതൽ ട്വന്റി-20 റാങ്കിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.