പ്രളയജല നിയന്ത്രണം: എസി കനാൽ തുറക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു മന്ത്രി
Wednesday, February 8, 2023 9:30 PM IST
തിരുവനന്തപുരം: പ്രളയജല നിയന്ത്രണം, വിനോദസഞ്ചാരം എന്നിവ ലക്ഷ്യം വച്ച് എസി കനാൽ തുറക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. എസി കനാൽ തുറക്കുന്നതു സംബന്ധിച്ച് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. സംയുക്ത കൂടിയാലോചനകൾക്കും പൊതു ചർച്ചകൾക്കും ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ജോബ് മൈക്കിളിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
എസി കനാലിന്റെ ഒന്നാംകര- നെടുമുടി ഭാഗത്ത് അതിർത്തിക്കല്ല് സ്ഥാപിച്ച് അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചെങ്കിലും നടപടികളൊന്നുമായില്ല.
എസി കനാൽ നവീകരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചെന്നൈ ഐഐടിയെ ഏൽപ്പിച്ചിട്ടുണ്ട്. അന്തിമ റിപ്പോർട്ട് മാർച്ച് 31ന് മുൻപു ലഭിക്കും. അതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.