വിഖ്യാത തെലുങ്ക് സംവിധായകൻ കെ. വിശ്വനാഥ് അന്തരിച്ചു
Friday, February 3, 2023 9:08 AM IST
ഹൈദരാബാദ്: വിഖ്യാത ചിത്രം ശങ്കരാഭരണത്തിന്റെ സംവിധായകൻ കെ. വിശ്വനാഥ് (കസിനഡുനി വിശ്വനാഥ്-92) അന്തരിച്ചു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
കലാമൂല്യമുള്ള ചിത്രങ്ങൾക്ക് തെലുങ്ക് സിനിമയിൽ കൂടുതൽ ഊന്നൽ കൊടുത്ത സംവിധായകനായിരുന്നു കെ. വിശ്വനാഥ്. ദേശീയതലത്തിൽ ഖ്യാതി നേടിക്കൊടുത്ത നിരവധി ചിത്രങ്ങളുടെ സംവിധായകൻ. 53ലധികം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.
അഞ്ച് ദേശീയ അവാർഡുകൾ, ആറ് സംസ്ഥാന നന്ദി അവാർഡുകൾ, പത്ത് സൗത്ത് ഇന്ത്യൻ ഫിലിംഫെയർ അവാർഡുകൾ, ഒരു ബോളിവുഡ് ഫിലിംഫെയർ അവാർഡ് തുടങ്ങിയവ ലഭിച്ചു. തെലുങ്കിനു പുറമേ ആറ് ഹിന്ദിസിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.
ഇന്ത്യൻ സിനിമയിലെ പരമോന്നത സിനിമാ പുരസ്കാരമായ ദാദാസാഹേബ് ഫാൽക്കേ അവാർഡ് (2017), പദ്മശ്രീ (1992) എന്നിവ നൽകി രാജ്യം ആദരിച്ചു. തെലുങ്ക് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പെഡപുലിവാറുവിൽ കസിനഡുനി സുബ്രഹ്മണ്യന്റെയും സരസ്വതിയുടെയും മകനായി 1930-ലാണ് അദ്ദേഹം ജനിച്ചത്. ജയലക്ഷ്മിയാണ് ഭാര്യ. മക്കൾ: പത്മാവതി, രവീന്ദ്രനാഥ്, നാഗേന്ദ്രനാഥ്.