കാര്യവട്ടം ഏകദിനം: നികുതി വർധന ജനങ്ങൾക്ക് വേണ്ടിയെന്ന് മേയർ
Sunday, January 15, 2023 4:35 PM IST
തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിന്റെ ടിക്കറ്റ് വിനോദ നികുതി വർധിപ്പിച്ചതിനെ ന്യായീകരിച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. സർക്കാരുമായി ആലോചിച്ചാണ് ടിക്കറ്റ് നികുതി നിരക്ക് കൂട്ടിയതെന്നും മത്സരത്തിന്റെ സ്വഭാവം അനുസരിച്ചാണ് നികുതി നിശ്ചയിക്കുന്നത് എന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു. നഗരസഭയ്ക്ക് ലഭിക്കുന്ന വരുമാനം ജനങ്ങൾക്ക് നൽകാനുള്ളതാണെന്നും ഇതിൽ വിവാദങ്ങളുടെ കാര്യമില്ലെന്നും ആര്യാ കൂട്ടിച്ചേർത്തു.
കാണികൾ കുറഞ്ഞത് വിവാദങ്ങൾ കാരണമല്ല. ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയതും 50 ഓവർ ഫോർമാറ്റിലുള്ള മത്സരവുമായത് കൊണ്ടാണ് കാണികളുടെ എണ്ണം കുറഞ്ഞത് എന്നും മേയർ അഭിപ്രായപ്പെട്ടു.
നേരത്തെ, സ്കൂൾ പരീക്ഷയും ശബരിമല സീസണുമാണ് ടിക്കറ്റ് വിൽപനയിൽ കുറവ് വരാൻ കാരണമായതെന്ന് കെസിഎ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി അറിയിച്ചിരുന്നു.
അതേസമയം, നിരക്ക് വർധനവും ഇത് സംബന്ധിച്ച് നടന്ന വിവാദങ്ങളും വിൽപനയിൽ പ്രതിഫലിച്ചു എന്നാണ് വിലയിരുത്തൽ. അപ്പർ ടിക്കറ്റിന് 1000 രൂപയും ലോവറിന് 2000 രൂപയുമാണ് ഈടാക്കിയത്. 2018 നവംബറിലാണ് ഗ്രീൻഫീൽഡ് ആദ്യമായി ഏകദിനത്തിന് വേദിയായത്.