തരൂർ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനം; പിന്തുണയുമായി സമസ്ത
Friday, January 13, 2023 12:22 PM IST
കോഴിക്കോട്: കോൺഗ്രസ് നേതാവ് ശശി തരൂരിനെ പുകഴ്ത്തി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ശശി തരൂർ വിശ്വപൗരനാണെന്നും അദ്ദേഹം നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയായിരുന്നു സമസ്ത അധ്യക്ഷന്റെ പ്രതികരണം.
ശശി തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ്. എന്നാൽ അദ്ദേഹത്തിന്റെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളാവുന്ന നേതൃത്വം വരണം. കൂടുതൽ നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പറയുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
കുറ്റിച്ചിറ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തുന്ന ഇ. വി. ഉസമാൻകോയ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് തരൂർ കോഴിക്കോട് എത്തിയത്. ഇതിന് പുറമേ കെഎൻഎം നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.