തുനീഷ ശർമയെ അപായപ്പെടുത്താൻ ബന്ധുക്കൾ ശ്രമിച്ചെന്ന് ഷീസാന്റെ അഭിഭാഷകൻ
Tuesday, January 3, 2023 11:17 AM IST
മുംബൈ: അന്തരിച്ച പ്രശസ്ത സീരിയൽ നടി തുനീഷ ശർമയെ അവരുടെ മാതാവ് കഴുത്ത് ഞെരിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണമുയർത്തി തുനീഷയുടെ മുൻ കാമുകൻ ഷീസാൻ ഖാന്റെ അഭിഭാഷകൻ.
തുനീഷയ്ക്ക് കുടുംബവുമായി നല്ല ബന്ധമല്ല ഉണ്ടായിരുന്നതെന്നും കുടുംബാംഗങ്ങൾ അവരെ മാനസികമായി പീഡിപ്പിച്ചെന്നും ഷീസാന്റെ അഭിഭാഷകൻ ശൈലേന്ദ്ര മിശ്ര ആരോപിച്ചു.
അമ്മയും സഞ്ജീവ് കൗശൽ എന്നയാളും ചേർന്ന് ഷൂട്ടിംഗിന് പോകാൻ താത്പര്യമില്ലാതിരുന്ന തുനീഷയെ നിർബന്ധിച്ച് ഛണ്ഡിഗഡിലെ സെറ്റിലേക്ക് പറഞ്ഞ് വിട്ടു. തുനീഷയുടെ മൊബൈൽ ഫോണ് എറിഞ്ഞുടച്ചു. ഇതിനിടെ തുനീഷയുടെ കഴുത്ത് ഞെരിച്ച് അപായപ്പെടുത്താൻ അമ്മ ശ്രമിച്ചെന്നും മിശ്ര വെളിപ്പെടുത്തി.
തുനീഷയുടെ മുൻ മാനേജരും അമ്മാവനുമായ പവൻ ശർമ ക്രൂരമായ രീതിയിലാണ് അവരോട് പെരുമാറിയതെന്നും ഇക്കാര്യങ്ങൾ താരം സഹപ്രവർത്തകരോട് പങ്കുവെച്ചിട്ടുണ്ടെന്നും ശർമ പ്രസ്താവിച്ചു.
ഡിസംബർ 24-നാണ് തുനീഷയെ ഷൂട്ടിംഗ് സെറ്റിലെ മേക്കപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന മുൻ കാമുകൻ ഷീസാൻ ഖാൻ പോലീസ് കസ്റ്റഡിയിലാണ്.