പോലീസ് സേനയിൽ ക്രിമിനലുകൾ വേണ്ടെന്ന് മുഖ്യമന്ത്രി
Thursday, December 22, 2022 6:35 PM IST
തിരുവനന്തപുരം: പോലീസ് സേനയിൽ ക്രിമിനലുകൾ വേണ്ടെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സേനയിലെ ചിലർ ചില വൈകൃതങ്ങൾ കാണിക്കുന്നുവെന്നും അവരോടുള്ള സമീപനത്തിൽ ആശയക്കുഴപ്പമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി ഈ പ്രസ്താവനകൾ നടത്തിയത്.
ക്രിമിനലുകളെ നേരിടാനാണ് പോലീസ് സേനയെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ലോക്കപ്പ് മർദനങ്ങൾ പോലീസ് അന്വേഷിക്കേണ്ടെന്നും അത് സിബിഐ അന്വേഷിക്കണമെന്നും പറഞ്ഞു.
പോലീസ് സേന അഭിവൃദ്ധിയിൽ നിന്ന് അഭിവൃദ്ധിയിലേക്ക് പോകുകയാണ്. പണ്ട് ജനദ്രോഹ സേനയായിരുന്ന പോലീസ്, തൊഴിലാളികൾ ചെറിയൊരു ജാഥ നടത്തിയാൽ പോലും തല്ലി തകർക്കുമായിരുന്നു. ജന്മികളുടെ കൊല്ലിനും കൊലയ്ക്കും കൂട്ടുനിന്ന പോലീസിനെ മാറ്റിയത് ലോക്കപ്പ് മർദനം നിർത്തലാക്കിയ ഇഎംഎസ് സർക്കാരാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു.