കൊച്ചിയിൽ നാലാംദിനവും വൻസ്വർണവേട്ട
Sunday, November 27, 2022 2:23 AM IST
നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ തുടർച്ചയായ നാലാം ദിവസവും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം വൻ സ്വർണവേട്ട നടത്തി. ഗൾഫ് മേഖലയിൽ നിന്നു വന്ന രണ്ടു യാത്രക്കാരിൽ നിന്നായി 94 ലക്ഷം രൂപ വിലയുള്ള 2219 ഗ്രാം സ്വർണം പിടിച്ചു.
ഇരുവരും സ്വർണം കാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണു കൊണ്ടുവന്നത്. കുവൈറ്റിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ വന്ന കൊടുവള്ളി സ്വദേശിയായ ജാംസുദ്ദീനിൽ നിന്ന് 1064.06 ഗ്രാം സ്വർണമാണ് പിടിച്ചത്.
ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന ആലപ്പുഴ സ്വദേശി ഷിഹാബിൽ നിന്നാണ് 1155 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. രണ്ടു യാത്രക്കാരും കൈവശം ഉണ്ടായിരുന്ന സ്വർണം നാല് കാപ്സ്യൂളുകളാക്കിയാണ് ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്. ഇരുവരെയും കസ്റ്റംസിന്റെ ഇന്റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.