മത്സരിക്കുന്നത് പാർട്ടിയെ ശക്തിപ്പെടുത്താൻ: മല്ലികാർജുൻ ഖാർഗെ
Sunday, October 2, 2022 2:45 PM IST
ന്യൂഡൽഹി: ആരെയും എതിർക്കാനല്ല, പാർട്ടിയെ ശക്തിപ്പെടുത്താനാണ് താൻ മത്സരരംഗത്തിറങ്ങിയതെന്ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി മല്ലികാർജുൻ ഖാർഗെ. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ മുതിർന്ന നേതാക്കളും യുവ നേതാക്കളും ഒരുപോലെ തന്നോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരാൾക്ക് ഒരു പദവി എന്നതനുസരിച്ച് നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസം തന്നെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവച്ചു. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള പ്രചാരണം ഔദ്യോഗികമായി ഞായറാഴ്ച ആരംഭിക്കുകയാണെന്നും ഖാർഗെ പറഞ്ഞു.
എപ്പോഴും താൻ പ്രത്യയശാസ്ത്രത്തിനും ധാർമ്മികതയ്ക്കും വേണ്ടി പോരാടിയിട്ടുണ്ട്. തന്റെ കുട്ടിക്കാലം പോരാട്ടങ്ങൾ നിറഞ്ഞതായിരുന്നു. ഇപ്പോൾ വീണ്ടും പോരാടാനും അതേ ധാർമ്മികതയും പ്രത്യയശാസ്ത്രവും മുന്നോട്ട് കൊണ്ടുപോകാനും ആഗ്രഹിക്കുന്നു. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രവും അംബേദ്ക്കറുടെ ഭരണഘടനാ മൂല്യങ്ങളും മുന്നോട്ട് കൊണ്ടുപോകാനാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ഖാർഗെ കൂട്ടിച്ചേർത്തു.