പിങ്ക് ബോളിൽ ബംഗ്ലാദേശ് തകർന്നടിഞ്ഞു
Friday, November 22, 2019 4:54 PM IST
കോൽക്കത്ത: ഇന്ത്യയിലെ ആദ്യത്തെ ഡേ-നൈറ്റ് ടെസ്റ്റിൽ ബംഗ്ലാദേശ് തകർന്നടിഞ്ഞു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 106 റണ്‍സിന് ഓൾഒൗട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമയാണ് ബംഗ്ലാദേശിനെ തകർത്തത്. മൂന്ന് വിക്കറ്റുമായി ഉമേഷ് യാദവും രണ്ടു വിക്കറ്റുമായി മുഹമ്മദ് ഷമിയും തിളങ്ങി.

ചരിത്ര മത്സരത്തിന് കോൽക്കത്ത ഈഡൻ ഗാർഡൻസിൽ കാണികൾ നിറഞ്ഞുകവിഞ്ഞിരുന്നു. സ്കോർ 15-ൽ എത്തിയപ്പോൾ തന്നെ ബംഗ്ലാദേശിന്‍റെ വിക്കറ്റ് കൊഴിച്ചിൽ ആരംഭിച്ചു. പിന്നീട് തുടർച്ചയായ ഇടവേളകളിൽ ബംഗ്ലാദേശ് ബാറ്റ്സ്മാൻമാർ കൂടാരം കയറി. മൂന്ന് പേർ മാത്രമാണ് സന്ദർശക നിരയിൽ മൂന്നക്കം കടന്നത്. നാല് പേർ പൂജ്യത്തിന് പുറത്തായി.

29 റണ്‍സ് നേടിയ ഷാദ്മാൻ ഇസ്‌ലാമാണ് ടോപ്പ് സ്കോറർ. 24 റണ്‍സ് നേടിയ ലിറ്റണ്‍ ദാസ് പന്ത് തലയിൽ കൊണ്ട് ബാറ്റിംഗ് അവസാനിപ്പിച്ചു. ഷമിയുടെ ബൗണ്‍സർ തലയിൽക്കൊണ്ട ദാസ് ഉച്ചഭക്ഷണത്തിന് ശേഷം ബാറ്റിംഗിനിറങ്ങിയില്ല.

ഇന്ത്യൻ മണ്ണിൽ ഇഷാന്തിന്‍റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. 30.3 ഓവറിൽ ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിച്ചു. ഇന്ത്യൻ സ്പിന്നർമാരിൽ രവീന്ദ്ര ജഡേജയ്ക്ക് ഒരോവർ എറിയാൻ അവസരം ലഭിച്ചു. ആർ.അശ്വിന് പന്തെറിയാൻ തുടങ്ങുന്നതിന് മുൻപേ ബംഗ്ലാദേശ് ഇന്നിംഗ്സ് പേസർമാർ പൂട്ടിക്കെട്ടി.

ചരിത്ര മത്സരത്തിന് സാക്ഷിയാകാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പടെ നിരവധി പ്രമുഖർ ഈഡൻ ഗാർഡൻസിൽ എത്തിയിരുന്നു.

സച്ചിൻ തെൻഡുൽക്കർ, അജിത് വഡേക്കർ, ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, സുനിൽ ഗവാസ്കർ, കപിൽ ദേവ് തുടങ്ങി മുൻകാല നായകൻമാരും ബംഗ്ലാദേശ് മുൻ താരങ്ങളും ആദ്യദിനം കളികാണാനുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.