സഭ പ്രക്ഷുബ്ധം; ഇന്നത്തേക്ക് പിരിഞ്ഞു
Wednesday, November 20, 2019 1:26 PM IST
തിരുവനന്തപുരം: ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ പ്രക്ഷുബ്ധമായ നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. വിഷയത്തിൽ അടിയന്തരപ്രയേമയത്തിന് അനുമതി നിഷേധിച്ചതിനെതിരേ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളിൽ നാല് പേർ സ്പീക്കറുടെ ഡയസിൽ കയറി മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിന് പിന്നാലെ സ്പീക്കർ ഡയസിൽ നിന്നും ഇറങ്ങിപ്പോയി.

പിന്നീട് സഭ ചേർന്നപ്പോൾ ഡയസിൽ കയറിയ അംഗങ്ങൾക്കെതിരേ നടപടിയുണ്ടാകുമെന്ന സൂചന സ്പീക്കർ നൽകി. കൂടിയാലോചനകൾക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സ്പീക്കർ അറിയിച്ചത്. എംഎൽഎയെ മർദ്ദിച്ച പോലീസുകാർക്കെതിരേ നടപടിയെടുത്ത ശേഷം മതി അന്വേഷണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ സർക്കാർ തയാറായില്ല.

സർക്കാരിന്‍റെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ ബാനറുകളും പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ചെയറിന് മുന്നിൽ ബാനറുകൾ ഉയർത്തിയതോടെ നടപടികൾ പൂർത്തിയാക്കി സഭ ഇന്നത്തേയ്ക്ക് പിരിയുകയായിരുന്നു.

രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷം സഭയിൽ ബഹളംവച്ചു. ഷാഫിയെയും കെ എസ് യു പ്രവർത്തകരെയും മർദ്ദിച്ച പോലീസ് നടപടിയിൽ വി.ടി.ബൽറാം അടിയന്തരപ്രമേയത്തിന് അനുമതി തേടി.

എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവം നിർഭാഗ്യകരമാണെന്ന് വ്യക്തമാക്കിയ മന്ത്രി ഇ.പി.ജയരാജൻ അന്വേഷണവും പ്രഖ്യാപിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറിയോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.

എന്നാൽ സർക്കാർ വിശദീകരണത്തിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭയ്ക്കുള്ളിൽ മുദ്രാവാക്യം മുഴക്കി. ഇതിനിടെയാണ് അഞ്ചം അംഗങ്ങൾ സ്പീക്കറുടെ ഡയസിൽ കയറിയ സംഭവമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.