ജയ്റ്റ്ലി എന്ന പ്രതിഭാശാലി
Saturday, August 24, 2019 1:33 PM IST
അരുണ്‍ ജയ്റ്റ്ലി ഒരു പ്രതിഭാസമായിരുന്നു. നിയമലോകത്തും രാഷ്ട്രീയത്തിലും ഭരണത്തിലും വ്യക്തിബന്ധങ്ങളിലും വ്യത്യസ്ഥമായ ഔന്നത്യവും അന്തസും കാത്ത പ്രതിഭാശാലി. മിതഭാഷിയും സൗമ്യനും. എന്നാൽ നിലപാടുകളിൽ വിട്ടുവീഴ്ചയില്ല. എതിരാളികൾക്കു പോലും പ്രിയങ്കരനും. ഏതു പ്രതിസന്ധികളിലും നിസാരമായി പരിഹാരം കാണാനും സമവായം ഉണ്ടാക്കാനുമുള്ള ജയ്റ്റ്ലിയുടെ കഴിവ് അത്ഭുതപ്പെടുത്തുന്നതായിരുന്നു. ജയ്റ്റ്ലിയുടെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണ്.

കൂർമതയുള്ള വാദമുഖങ്ങളും തന്ത്രങ്ങളുമായിരുന്നു രാജ്യത്തെ ഏറ്റവും മികച്ച വക്കീലന്മാരിലും ഭരണക്കാരിലും ജയ്റ്റ്ലിയെ മുന്പനാക്കിയത്. എന്തുകാര്യം ചെയ്താലും അത് ഏറ്റവും നന്നായി, മികവോടെ, പൂർണതയോടെ ചെയ്യണമെന്ന ആഗ്രഹമാണ് ജയ്റ്റ്ലിയെ കൂടുതൽ മികവുറ്റ നേതാവാക്കിയത്.

ടീം വർക്കിൽ വിശ്വസിച്ചിരുന്ന അദ്ദേഹം സഹപ്രവർത്തകർക്കു ആദരവും സ്നേഹവും നൽകാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജയ്റ്റ്ലിയോടൊപ്പം ജോലി ചെയ്യുകയെന്നത് ഒരേസമയം ആസ്വാദ്യകരവും കഠിനവുമായിരുന്നുവെന്ന് മുതിർന്ന ഐഒഎസ് ഉദ്യോഗസ്ഥർ എപ്പോഴും പറയും.

രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ, ജഡ്ജിമാരും വക്കീലന്മാരും അടക്കമുള്ള നിയമലോകത്തെ പ്രഗത്ഭർ, മത മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ, ഡോക്ടർമാർ, ചാർട്ടേഡ് അക്കൗണ്ടുമാർ എന്നിവരടക്കമുള്ള വിവിധ പ്രഫഷണലുകൾ എന്നിവർ തുടങ്ങി കായികതാരങ്ങളും കലാകാരന്മാരും വരെ എല്ലാവരുടെയും വളരെ അടുത്ത സുഹൃത്തുകൂടിയായിരുന്നു ജയ്റ്റ്ലി. പല സൗഹൃദങ്ങളും വേർപെടാത്തതുമായിരുന്നു. വളരെ അടുപ്പം പുലർത്തുന്പോഴും പലരുമായും ഔദ്യോഗിക കാര്യങ്ങളിൽ വേണ്ട അകലം പാലിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

വിവാദങ്ങളിൽ പെടാതെ വ്യക്തമായ ലക്ഷ്യങ്ങളോടെയും ആസൂത്രണത്തോടെയുമുള്ള കഠിനാധ്വാനമാണ് ജയ്റ്റ്ലിയെ രാജ്യത്തെ ഏറ്റവും പ്രമുഖരിലൊരാളാക്കിയത്. ക്രിക്കറ്റ് അടക്കമുള്ള കായിക ഇനങ്ങളോടും സിനിമകളോടും പാട്ടിനോടും നല്ല വസ്ത്രങ്ങളോടുമെല്ലാം പ്രത്യേകമായൊരു മമതയും ഉണ്ടായിരുന്നു. എന്നാൽ ലാളിത്യവും ആഢ്യത്യവും മാന്യതയും ഒരിക്കലും കൈവിട്ടതുമില്ല.

എ.ബി. വാജ്പേയിയുടെ 1999-ലെ മന്ത്രിസഭയിൽ വാർത്താവിതരണ സഹമന്ത്രിയായി ഭരണത്തിൽ കടന്ന ജയ്റ്റ്ലി, 2000-ൽ കാബിനറ്റ് റാങ്കോട് കേന്ദ്ര നിയമ മന്ത്രിയായി. 2003-ൽ വാജ്പേയി മന്ത്രിസഭയിൽ വീണ്ടും നിയമമന്ത്രി. പിന്നീട് പത്തു വർഷക്കാലം രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ജയ്റ്റ്ലി 2014 മുതലുള്ള നരേന്ദ്ര മോദി സർക്കാരിൽ ധനം, പ്രതിരോധം, വാർത്താവിതരണ-പ്രക്ഷേപണം, നിയമം-നീതിന്യായം, കോർപറേറ്റ് കാര്യം എന്നീ സുപ്രധാന വകുപ്പുകളാണു പലതവണയായി കൈകാര്യം ചെയ്തത്.

കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കറുടെ മരണശേഷം ധനം, കന്പനി കാര്യം, വാർത്താവിതരണ പ്രക്ഷേപണം തുടങ്ങിയ മൂന്നു പ്രധാന വകുപ്പുകൾക്കു പുറമേ പ്രതിരോധവും കൂടി ജയ്റ്റ്ലിയെയാണ് മോദി ഏൽപിച്ചത്. നാലു കാബിനറ്റ് മന്ത്രിമാർ നോക്കേണ്ട നാല് സുപ്രധാന വകുപ്പുകളിൽ ഒരേസമയം അനായാസേന ഭരണം നടത്താൻ ജയ്റ്റലിക്കേ ഒരുപക്ഷേ കഴിയൂ. 2004 മുതലുള്ള യുപിഎ സർക്കാരിന്‍റെ ഭരണകാലത്ത് രണ്ടു തവണയും പാർലമെന്‍റിന്‍റെ ഉപരിസഭയായ രാജ്യസഭയിലെ സഭാ നേതാവും പ്രതിപക്ഷ നേതാവും ആയും ജയ്റ്റ്ലി തിളങ്ങി.

രാഷ്ട്രീയമായാലും ഭരണമായാലും, ഏതു പ്രതിസന്ധിയെയും വളരെ കൂൾ ആയാണ് ജയ്റ്റലി കൈകാര്യം ചെയതത്. രാജ്യംകണ്ട വലിയ പ്രശ്നങ്ങളിൽ പോലും ജയ്റ്റ്ലിയുടെ വാക്കുകൾക്കു നരേന്ദ്ര മോദി വിലകൊടുത്തു. ജയ്റ്റ്ലിയായിരുന്നു മോദിയുടെ ആദ്യ മന്ത്രിസഭയുടെ നെടുംതൂണ്.

മോദി എന്ന നേതാവിനെ മാർക്കറ്റ് ചെയ്യുന്നതിലും പൂർണ പിന്തുണ നൽകി ഇന്നത്തെ നിലയിലേക്കു വളർത്തിയതിലും ജയ്റ്റ്ലിക്കുണ്ടായിരുന്ന പങ്കിനു തുല്യം മറ്റൊരാളില്ല. അനാരോഗ്യം മൂലം കഴിഞ്ഞ മേയിൽ ജയ്റ്റ്ലി സ്വയം പിൻവാങ്ങുന്നതു വരെ മോദി മന്ത്രിസഭയിലെ അനിവാര്യ ഘടകമായിരുന്നു അദ്ദേഹം.

കേരളത്തോടും മലയാളികളോടും വളരെ അടുത്ത ആത്മബന്ധമായിരുന്നു ജയ്റ്റ്ലിക്ക്. മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപികയോടും കേരളത്തിലെ ക്രൈസ്തവരോടും പ്രത്യേകമായൊരു അടുപ്പവും സ്നേഹവും ആദരവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ലോകമെങ്ങുമുള്ള മലയാളികളുടെ കാര്യപ്രാപ്തി, കുശാഗ്രബുദ്ധി, ആത്മാർഥത തുടങ്ങിയവ തന്നെ പലപ്പോഴും അതിശയവും തോന്നിയിട്ടുണ്ടെന്ന് സ്വകാര്യ സംഭാഷണങ്ങളിൽ ജയ്റ്റ്ലി പറയുമായിരുന്നു.

ജയ്റ്റ്ലിയുടെ സവിശേഷത വ്യക്തമാക്കിയ ഒരു സംഭവം മറക്കാനാകില്ല. 2015 ഫെബ്രുവരി. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാഥിതിയായും ധനമന്ത്രിയായിരുന്ന ജയ്റ്റ്ലി വിശിഷ്ഠാതിഥിയുമായി പങ്കെടുത്ത വലിയ സമ്മേളനം. എല്ലാ മതവിശ്വാസങ്ങൾക്കും പൂർണ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തുമെന്നും ഇന്ത്യ മതേതര രാഷ്ട്രമായി തുടരുമെന്നും മോദി പ്രഖ്യാപിച്ചു. മതം പൗരന്‍റെ വ്യക്തിപരമായ ഇഷ്ടമാണെന്നും മതത്തിന്‍റെ പേരിൽ വിദ്വേഷം പടർത്താൻ ആരെയും അനുവദിക്കില്ലെന്നും മോദി തറപ്പിച്ചു പറഞ്ഞത് പലരെയും ഞെട്ടിച്ചിരുന്നു. സ്വാഭാവികമായും ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ വലിയ വാർത്താപ്രാധാന്യം നേടി.

ചാവറ കുര്യാക്കോസ് അച്ചനെയും എവുപ്രാസിയാമ്മയെയും ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചതിന്‍റെ ഡൽഹിയിലെ ദേശീയ ആഘോഷമായിരുന്നു ചടങ്ങ്. സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിന് മേജർ ആർച്ച് ബിഷപ്പും കർദിനാളുമായ മാർ ജോർജ് ആലഞ്ചേരിയായിരുന്നു മുൻകൈയെടുത്തത്.

ക്രൈസ്തവർ രാജ്യത്തിനു നൽകിയതും നൽകുന്നതുമായ സംഭാവനകളെയും സമ്മേളനത്തിൽ പ്രധാനമന്ത്രി അകമഴിഞ്ഞ് പ്രകീർത്തിച്ചു. രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പ്രഫ. പി.ജെ. കുര്യന്‍റെ സ്നേഹപൂർവമായ ഇടപെടലാണ് സമ്മേളനത്തിലേക്ക് വരാൻ മോദിയെ പ്രധാനമായും പ്രേരിപ്പിച്ചത്.

ഡൽഹിയിലെ കത്തോലിക്കാ ദേവാലയങ്ങൾക്കു നേരെ തുടർച്ചയായ അക്രമങ്ങൾ നടന്നതിന്‍റെ ആഴ്ചകൾക്കുള്ളിലായിരുന്നു സമ്മേളനം. സമ്മേളനത്തിലേക്ക് ജയ്റ്റ്ലിയെയും ക്ഷണിച്ചിരുന്നു. അനൗപചാരികമായി സമ്മേളനത്തെക്കുറിച്ചു ആദ്യം സൂചിപ്പിച്ചപ്പോൾ തന്നെ ജയ്റ്റ്ലിയുടെ പ്രതികരണം ഇതായിരുന്നു. ഞാൻ വരും. ഉറപ്പായും വരാം. ക്ഷണിക്കാനായി താൻ ഇനി വരേണ്ട. ക്ഷണപത്രം കൊടുത്തുവിട്ടാൽ മതി. പറഞ്ഞതു പോലെ പിന്നീട് ഓഫീസിലോ, വീട്ടിലോ ചെല്ലാതെ തന്നെ കേന്ദ്ര ധനമന്ത്രിയായിരുന്ന അദ്ദേഹം കൃത്യ സമയത്തിനു മുന്പായി തന്നെ വിജ്ഞാൻ ഭവനിലെത്തി.

ഡൽഹിയിലെ ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ നടന്ന അക്രമങ്ങൾ ഒരു പ്രത്യേക വ്യതിചലനം മാത്രമായേ കാണുന്നുള്ളൂവെന്ന് പ്രസംഗത്തിനിടെ പി.ജെ. കുര്യൻ ഓർമപ്പെടുത്തി. കുര്യന് തൊട്ടുപിന്നാലെയായിരുന്നു ജയ്റ്റ്ലിയുടെ പ്രസംഗം.

ക്രൈസ്തവ ദേവാലയങ്ങൾക്കു നേരേയുണ്ടായ ആക്രമങ്ങൾ വെറും വ്യതിചലനം മാത്രമല്ലെന്നും ഇന്ത്യ പോലെയുള്ള ജനാധിപത്യ രാജ്യത്തിന് തീർത്തും സ്വീകാര്യമല്ലാത്ത വ്യതിചലനമാണതെന്നുമായിരുന്നു ജയ്റ്റ്ലിയുടെ പ്രസംഗം. ഡൽഹിയിലെ സെന്‍റ് സേവേഴ്സ് ജെസ്യൂട്ട് സ്കൂളിൽ പഠിച്ച തനിക്ക് കത്തോലിക്കാ സഭയുടെ സേവനങ്ങളുടെ വില അറിയാമെന്നും ജയ്റ്റ്ലി പറഞ്ഞു. ക്രൈസ്തവർ സമാധാനകാംക്ഷികളും സേവന തത്പരരുമാണെന്ന് രാജ്യത്തെ ഓർമപ്പെടുത്താനും ജയ്റ്റ്ലി മറന്നില്ല.

അന്തസും പാരന്പര്യവും ഉള്ള പത്രമാണ് ദീപിക എന്നായിരുന്നു ജയ്റ്റ്ലി മിക്കപ്പോഴും പറഞ്ഞിരുന്നത്. പ്രചാരത്തിൽ അല്ല, വാർത്തകളുടെ സത്യസന്ധതയിലാണ് പത്രത്തിന്‍റെ മികവെന്നു തറപ്പിച്ചു പറയാനും അദ്ദേഹം മറക്കാറില്ലായിരുന്നു.

2002-ൽ നടന്ന ഗുജറാത്തിൽ കലാപത്തെ തുടർന്ന് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ മന്ത്രിസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പിനു പോയ കാലത്താണ് ജയ്റ്റ്ലിയുമായി അടുത്തു തുടങ്ങിയത്. 2003ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യ ചുമതലക്കാരൻ അദ്ദേഹമായിരുന്നു. അഹമ്മദാബാദിലെ ബിജെപി ഓഫീസിൽ വച്ച് ആദ്യം വിശദമായി കണ്ടതു മുതലുള്ള അടുപ്പം ഏതാനും ആഴ്ചകൾക്കു മുന്പു വരെ നിലനിർത്തിയത് ജയ്റ്റ്ലിയുടെ വലിയ മനസായിരുന്നു.

ഡൽഹിയിലെ ബിജെപി ഓഫീസിലും പാർലമെന്‍റിലെ സെൻട്രൽ ഹാളിലും പലപ്പോഴും മണിക്കൂറുകളോളം ജയ്റ്റ്ലിയുമായി സംസാരിച്ചിരിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. ലോകത്തിനു കീഴിലുള്ള ഏതു വിഷയത്തെക്കുറിച്ചും ഇത്ര ആഴത്തോടും പരപ്പോഴും രസകരവുമായി സംസാരിക്കുന്ന രാഷ്ട്രീയ നേതാക്കളെ വേറെ കണ്ടിട്ടില്ല. പാർലമെന്‍റ് സമ്മേളനം നടക്കുന്പോഴെല്ലാം ഇടവേളകളിൽ സെൻട്രൽ ഹാളിലെ മുൻസീറ്റിൽ ജയ്റ്റ്ലിയുടെ സദസ് ഉണ്ടാകും. ദേശീയ മാധ്യമങ്ങളിലെ ഏതാനും പ്രമുഖരോടൊപ്പം ആ സദസിൽ പതിവായി ചേർന്നിരുന്നു.

2015 നവംബറിലെ ഒരു ദിവസം ജയ്റ്റ്ലി വിളിപ്പിച്ചു. ക്രിസ്തുമസിന് ഒരു വിരുന്ന് സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നു. താനതിന് സഹായിക്കണം എന്നായിരുന്നു പറഞ്ഞത്. സംഘാടനം മുഴുവൻ ഏറ്റെടുക്കാനാകില്ലെങ്കിലും സഹായിക്കാമെന്നു ഞാനും പറഞ്ഞു.

ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായ അൽഫോണ്‍സ് കണ്ണന്താനം, കേന്ദ്രസർക്കാരിന്‍റെ മുഖ്യ വക്താവായിരുന്ന പിഐബി പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ഫ്രാങ്ക് നെറോണ എന്നിവരുമായി ചേർന്ന് പരിപാടി നടത്തണമെന്നു മന്ത്രി പറഞ്ഞു.

മുംബൈ ആർച്ച്ബിഷപ്പും സിബിസിഐ പ്രസിഡന്‍റുമായ കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസുമായി നല്ല സൗഹൃദമുണ്ടെന്നും അദ്ദേഹം തന്നെ ക്രിസ്മസ് ആഘോഷത്തിൽ സന്ദേശം നൽകാൻ എത്തുമെന്നും ജയ്റ്റ്ലി അറിയിച്ചു. എല്ലാ ക്രൈസ്തവ സഭകളുടെയും നേതാക്കളെയും ക്രൈസ്തവരായ എംപിമാർ, ഉദ്യോഗസ്ഥർ, പൗരപ്രമുഖർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരെയെല്ലാം ചടങ്ങിലേക്ക് ക്ഷണിക്കാനും നിർദേശിച്ചത് ജയ്റ്റ്ലിയാണ്. നിർമല സീതാരാമനും പ്രകാശ് ജാവദേക്കറും അടക്കമുള്ള കേന്ദ്രമന്ത്രിമാരെല്ലാം ജയ്റ്റ്ലിയുടെ വസതിയിലെ ക്രിസ്തുമസ് ആഘോഷത്തിൽ പങ്കുചേരുകയും ചെയ്തു.

താനും ഭാര്യ സംഗീതയും ക്രൈസ്തവ സ്ഥാപനങ്ങളിൽ നിന്ന് നേടിയ സ്കൂൾ വിദ്യാഭ്യാസമാണ് തന്‍റെ ഉയർച്ചയുടെ അടിത്തറയെന്ന് ജയ്റ്റ്ലി പലതവണ പറഞ്ഞിട്ടുണ്ട്. ഡൽഹി സെന്‍റ് സേവേഴ്സിൽ താനും ശ്രീനഗറിലെ പ്രസന്‍റേഷൻ കോണ്‍വെന്‍റ് സ്കൂളിൽ ഭാര്യയും പഠിച്ചത് വലിയ സൗഭാഗ്യമായാണ് കരുതുന്നത്. കേരളത്തിലെ സുറിയാനി കത്തോലിക്കരും കാഷ്മീരി പണ്ഡിറ്റുകളും തമ്മിൽ വലിയ സാമ്യം തോന്നിയിട്ടുണ്ടെന്നും തമാശയായി അദ്ദേഹം പറയുമായിരുന്നു.

കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പലപ്പോഴും അദ്ദേഹം അഭിപ്രായം തേടിയിരുന്നു. ധനമന്ത്രിമാരുടെ ജിഎസ്ടി കൗണ്‍സിൽ അധ്യക്ഷനായി കെ.എം. മാണിയെ നിയമിക്കുന്നതിനു മുന്പും അത്തരമൊരു കൂടിയാലോചന നടത്തി. ബാർ കോഴ കേസ് കത്തി നിന്നിരുന്ന കാലമായിരുന്നതിനാൽ മാണി സാറിനോട് ചിലർക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ കഴിവിൽ ജയ്റ്റ്ലി സംശയിച്ചില്ല. മാണി സാറിനെ സമിതിയുടെ തലവനാക്കും എന്നും അക്കാര്യം ആദ്യം വിളിച്ചുപറയാനും ജയ്റ്റ്ലി എന്നെയാണു അന്ന് ചുമതലപ്പെടുത്തിയത്.

ധനമന്ത്രിയെന്ന നിലയിൽ മാണിസാറിന്‍റെ അനുഭവ മികവുകളും തന്ത്രജ്ഞതയും രാജ്യത്തിന് ഗുണമായെന്ന് പിന്നീടും ജയ്റ്റ്ലി പറഞ്ഞതും ഓർക്കുന്നു. മറ്റൊരിക്കൽ കേരളത്തിൽ നിന്നുള്ള ഒരു എംപിക്ക് അത്യാവശ്യമായി പ്രതിരോധമന്തിയായിരുന്ന ജയ്റ്റ്ലിയെ കാണേണ്ട ആവശം ഉണ്ടായി. അദ്ദേഹം പലവഴിക്കു ശ്രമിച്ചപ്പോഴും മന്ത്രി തിരക്കിലാണെന്ന മറുപടിയാണ് കിട്ടിയത്.

ജയ്റ്റ്ലിയുമായുള്ള സൗഹൃദം അറിയാമായിരുന്ന എംപി എന്നോട് സഹായം തേടി. ടെലിഫോണിൽ വിളിച്ച് കാണാൻ അനുമതി തേടിയപ്പോൾ, ജയ്റ്റ്ലിയുടെ മറുപടി ഉടൻ വന്നു. എങ്കിൽ നേരെ വീട്ടിലോട്ടു വരൂ. നമുക്കൊരുമിച്ച് ഉച്ചഭക്ഷണം കഴിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിരോധമന്ത്രിയുടെ ഓഫീസിലെത്തി പിന്നീട് കണ്ടപ്പോൾ അദ്ദേഹം എംപിയോട് തുറന്നു പറഞ്ഞു. നല്ല തെരക്കിലായിരുന്നു. എങ്കിലും ജോർജിനോട് പറ്റില്ലെന്നു പറയാനാകില്ല. കേരളത്തിന്‍റെ അംബാസഡറാണെന്നു വരെ അദ്ദേഹം പല നേതാക്കളെയും പരിചയപ്പെടുത്തിയതും നന്ദിയോടെ ഓർക്കുന്നു. സ്വന്തം അനുജനെ പോലെ സ്നേഹം നൽകിയ ആ വലിയ നേതാവിന്‍റെ വേർപാട് സ്മരണകൾക്കു മുന്പിൽ കൈകൂപ്പുന്നു. ആദരാജ്ഞലികൾ.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.