അങ്കമാലിയിൽ യുവാവ് ബാറിൽ കുത്തേറ്റ് മരിച്ചു
Wednesday, October 16, 2024 12:11 PM IST
അങ്കമാലി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് ബാറിൽ കുത്തേറ്റു മരിച്ചു. അഞ്ചു പേർ കസ്റ്റഡിയിൽ. കിടങ്ങൂർ വലിയോലിപറമ്പിൽ വീട്ടിൽ മനോഹരന്റെ മകൻ ആഷിക് (30) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 11.15 ഓടെ അങ്കമാലി പോലീസ് സ്റ്റേഷനു മുൻപിലുള്ള ഹിൽസ് പാർക്ക് ബാറിലാണ് സംഭവം. മഞ്ഞപ്രയിലുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് അങ്കമാലി പോലീസ് സ്റ്റേഷനിൽ ആഷിക്കിനെ വിളിച്ചു വരുത്തിയിരുന്നു.
രാത്രി സ്റ്റേഷനിൽ നിന്നിറങ്ങി നേരേ ബാറിലെ എക്സിക്യൂട്ടീവ് കൗണ്ടറിൽ ചെന്ന ആഷിക്കിന് കുത്തേൽക്കുകയായിരുന്നു. കഴുത്തിലും, നെഞ്ചിലും വയറ്റിലുമാണ് കുത്തേറ്റത്. വിവരം അറിഞ്ഞെത്തിയ പോലീസ് അങ്കമാലി എൽഎഫ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയായിരുന്നു.
ബാറിലെ സിസിടിവി ദൃശ്യങ്ങൾ സാങ്കേതിക തടസടത്തെ തുടർന്ന് രാത്രി ലഭ്യമായില്ല. ഇന്ന് വിദഗ്ദരെത്തി അവ ലഭ്യമാക്കുന്നതോടെ കൂടുതൽ വ്യക്തത കൈവരുമെന്ന് പോലീസ് പറഞ്ഞു.
രണ്ടു തവണ കാപ്പയിൽ ഉൾപ്പെട്ട ശേഷം പുറത്തിറങ്ങിയതാണ് ആഷിക്. ആറു മാസവും പിന്നീട് ഒരു വർഷവും കാപ്പ പ്രകാരം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിൽ മോചിതനായിട്ട് 15 ദിവസം പിന്നിട്ടതേയുള്ളൂ.
ഉപരിപഠനത്തിനായി ബാംഗ്ലൂരിൽ പോയ ആഷിക് പഠനം പൂർത്തിയാക്കാതെ ലഹരിക്കടിമപ്പെട്ടാണ് തിരികെ എത്തിയത്.നാട്ടിലെത്തിയതു മുതൽ അടിപിടി, ആയുധം വച്ചുള്ള ആക്രമണം, ലഹരി വില്പന തുടങ്ങിയ കേസുകളിൽ ഉൾപെടുകയായിരുന്നു.
കിടങ്ങൂർ, അങ്കമാലി, മഞ്ഞപ്ര, മലയാറ്റൂർ എന്നിവിടങ്ങളിൽ കഞ്ചാവും ലഹരിമരുന്നുകളും വില്പന നടത്തുന്ന സംഘത്തെ നിയന്ത്രിച്ചു വരികയായിരുന്നു. നിരവധി പേർ ഈ സംഘത്തിൽ ഉള്ളതായി പോലീസ് പറഞ്ഞു.
അനധികൃത മണ്ണ് കടത്തുന്ന സംഘവും അങ്കമാലി, കിടങ്ങൂർ, പിരാരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അനധികൃത മണ്ണ് മാഫിയയിൽനിന്നും ഗുണ്ടാ പിരിവ് വാങ്ങുന്നതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.