ഇനിയെസ്റ്റ ഇനിയില്ല...
Wednesday, October 9, 2024 12:41 AM IST
ബാഴ്സലോണ: സ്പാനിഷ് ഇതിഹാസ ഫുട്ബോളർ ആന്ദ്രെ ഇനിയെസ്റ്റ പ്രഫഷണൽ മത്സരങ്ങളിൽനിന്നു വിരമിച്ചു. 22 വർഷം നീണ്ട ഫുട്ബോൾ കരിയറിനാണ് ഇനിയെസ്റ്റ വിരാമമിട്ടിരിക്കുന്നത്.
ഫിഫ 2010 ലോകകപ്പ് ഫൈനലിൽ സ്പെയിനിന്റെ ജയം കുറിച്ച ഗോൾ നേടിയത് ഇനിയെസ്റ്റയായിരുന്നു. നാൽപ്പതുകാരനായ ഇനിയെസ്റ്റ സ്പെയിനിനൊപ്പം രണ്ടു യൂറോ കപ്പും (2008, 2012) സ്വന്തമാക്കിയിട്ടുണ്ട്.
ക്ലബ് തലത്തിൽ 18 വർഷം എഫ്സി ബാഴ്സലോണ ക്യാന്പിലുണ്ടായിരുന്നു. 2018ലാണ് താരം ബാഴ്സലോണ വിട്ട് ജാപ്പനീസ് ക്ലബ്ബായ വിസെൽ കോബയിലേക്കു ചേക്കേറിയത്. 2023-24 സീസണിൽ യുഎഇയിലെ എമിറേറ്റ്സ് ക്ലബ്ബിനായി പന്തു തട്ടിയിരുന്നു.
ക്ലബ് കരിയറിൽ 885 മത്സരങ്ങളിൽനിന്ന് 93 ഗോളും രാജ്യാന്തര വേദിയിൽ 131 മത്സരങ്ങളിൽനിന്ന് 13 ഗോളും സ്വന്തമാക്കി. ബാഴ്സലോണയ്ക്കൊപ്പം നാലു ചാന്പ്യൻസ് ലീഗ് അടക്കം 29 ട്രോഫികൾ സ്വന്തമാക്കി.