അനായാസം; ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം
Monday, October 7, 2024 1:06 AM IST
ഗ്വാളിയർ: ബൗളർമാരുടെ മികവിൽ ഇന്ത്യക്ക് അനായാസ ജയം. ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം. സ്കോർ: ബംഗ്ലാദേശ് 19.5 ഓവറിൽ 127. ഇന്ത്യ 11.5 ഓവറിൽ 132/3. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ അർഷ്ദീപ് സിംഗും വരുണ്‍ ചക്രവർത്തിയുമാണ് ബംഗ്ലാദേശിനെ തകർത്തത്. അർഷ്ദീപ് സിംഗാണ് പ്ലെയർ ഓഫ് ദ മാച്ച്.
ഇന്ത്യൻ ടീമിൽ പേസർ മായങ്ക് യാദവും നിതീഷ് കുമാർ റെഡ്ഢിയും അരങ്ങേറ്റം കുറിച്ചു. മായങ്ക് ഒരു വിക്കറ്റ് നേടി.
ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ബംഗ്ലാദേശിനെ ബാറ്റിംഗിനു വിട്ടു. ആദ്യ ഓവറിൽ തന്നെ അർഷ്ദീപ് സിംഗ് ലിട്ടൻ ദാസിനെ (നാല്) റിങ്കു സിംഗിന്റെ കൈകളിലെത്തിച്ചു. ഒരോവറിനു ശേഷം പർവേസ് ഹൊസൈൻ ഇമോണിനെ (എട്ട്) അർഷ്ദീപ് ക്ലീൻബൗൾഡാക്കി. പിന്നീട് കൃത്യമായ ഇടവേളകളിൽ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു.
മെഹ്ദി ഹസൻ മിർസ (35 നോട്ടൗട്ട്), നജ്മുൾ ഹൊസൈൻ ഷാന്റോ (27) എന്നിവരുടെ ചെറിയ പോരാട്ടങ്ങൾ ഒഴികെ മറ്റാർക്കും കാര്യമായ ബാറ്റിംഗ് നടത്താനായില്ല. മഹ്മദുള്ളയുടെ വിക്കറ്റ് നേടിക്കൊണ്ട് മായങ്ക് യാദവ് ആദ്യ അന്താരാഷ് ട്ര വിക്കറ്റ് സ്വന്തമാക്കി. ഹാർദിക് പാണ്ഡ്യ, മായങ്ക് യാദവ്, വാഷിംഗ്ടണ്‍ സുന്ദർ എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടിയിൽ സഞ്ജു സാംസണും അഭിഷേക് ശർമയും ആക്രമിച്ചു കളിക്കാൻ തുടങ്ങി. എന്നാൽ, രണ്ടാം ഓവറിന്റെ അവസാന പന്തിൽ ശർമ (16) റണ്ണൗട്ടായി. സഞ്ജുവിനൊപ്പം സൂര്യകുമാർ ചേർന്നതോടെ സ്കോർ അതിവേഗമെത്തി. സൂര്യകുമാറിനെ (29) പുറത്താക്കി മുഷ്താഫിസുർ റഹ്മാൻ ഈ സഖ്യം പൊളിച്ചു. വൈകാതെതന്നെ സഞ്ജുവും (29) പുറത്തായി. പിന്നീട് ഹാർദിക് പാണ്ഡ്യയും (39), നിതീഷ് കുമാർ റെഡ്ഢിയും (16) പുറത്താകാതെ നിന്ന് ടീമിനെ ജയത്തിലെത്തിച്ചു.