മഗ്വെയർ ഗോളിൽ മാഞ്ചസ്റ്റർ
Saturday, October 5, 2024 4:29 AM IST
പോർട്ടോ: ഇഞ്ചുറി ടൈമിൽ ഹാരി മഗ്വെയർ (90+1’) നേടിയ ഗോളിൽ സമനിലയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് രക്ഷപ്പെട്ടു. യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ എവേ മത്സരത്തിൽ എഫ്സി പോർട്ടോയുമായി യുണൈറ്റഡ് 3-3ന് സമനിലയിൽ പിരിഞ്ഞു.
ആദ്യ 20 മിനിറ്റിനുള്ളിൽ മാർകസ് റഷ്ഫോർഡ് (7’), റാസ്മസ് ഹോയിലൻഡ് (20’) എന്നിവരുടെ ഗോളിൽ യുണൈറ്റഡ് മുന്നിലെത്തി. പെപെ (27’) പോർട്ടോയ്ക്കായി ഒരു ഗോൾ മടക്കി. 34-ാം മിനിറ്റിൽ സാമു ഒമോറോഡിയൻ പോർട്ടോയ്ക്കു സമനില നൽകി. 50-ാം മിനിറ്റിൽ ഒമോറോഡിയൻ പോർട്ടോയെ മുന്നിലെത്തിച്ചു. 81-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട ബ്രൂണോ ഫെർണാണ്ടസ് പുറത്തായതോടെ പത്തുപേരായി യുണൈറ്റഡ് ചുരുങ്ങി. തോൽവിയെന്നു കരുതിയിരിക്കേ മഗ്വെയറുടെ ഹെഡർ പോർട്ടോയുടെ വലയിൽ കയറി. യൂറോപ്പയിൽ യുണൈറ്റഡിന്റെ രണ്ടാം സമനിലയാണ്.
യൂറോപ്പ ലീഗ് ഗ്രൂപ്പ് മത്സരത്തിൽ ടോട്ടൻഹാം തുടർച്ചയായ രണ്ടാം ജയം നേടി. ടോട്ടൻഹാം ഒന്നിനെതിരേ രണ്ടുഗോളിന് ഹംഗേറിയൻ ക്ലബ് ഫെറൻവാറോസിനെ പരാജയപ്പെടുത്തി. പെപെ സർ (23’), ബ്രെണ്ണൻ ജോണ്സണ് (86’) എന്നിവർ ടോട്ടൻഹാമിനായി ഗോൾ നേടി. 90-ാം മിനിറ്റിൽ ഹംഗേറിയൻ ക്ലബ്ബിനായി ബർണബാസ് വർഗ വലകുലുക്കി.മറ്റു മത്സരങ്ങളിൽ ഐട്രാക്ട് ഫ്രാങ്ക്ഫർട്ട്, ലാസിയോ, ഒളിന്പിയാക്കസ്, ലിയോണ്‍ ടീമുകൾ ജയിച്ചു.