ജയിക്കുമോ?
Tuesday, October 1, 2024 2:01 AM IST
കാണ്‍പുർ: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് ഇന്ത്യൻ ബൗളർമാർക്കു വേഗത്തിൽ വിക്കറ്റുകളെടുക്കാനായാൽ ഇന്ത്യ പരന്പര തൂത്തുവാരും.
മഴയും ഔട്ട്ഫീൽഡിലെ നനവും മൂലം രണ്ടു ദിവസം പൂർണമായും നഷ്ടപ്പെട്ട മത്സരത്തിന്റെ നാലാം ദിവസം മഴ മാറിനിന്നപ്പോൾ ഇന്ത്യ 52 റണ്‍സിന്റെ ലീഡ് നേടി. ഇന്ത്യ 34.4 ഓവറിൽ ഒന്‍പത് വിക്കറ്റിന് 285 റൺസ് എന്ന നിലയിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ 233 റണ്‍സിനു പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ബംഗ്ലാദേശ് നാലാംദിനം സ്റ്റന്പെടുക്കുന്പോൾ 11 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 26 റണ്‍സെന്ന നിലയിലാണ്. ശദ്മാൻ ഇസ്ലാം (ഏഴ്), മോമിനുൽ ഹഖ് (0) എന്നിവരാണു ക്രീസിൽ. സാക്കിർ ഹസൻ, ഹസൻ മഹ്മൂദ് എന്നിവർ പുറത്തായി.
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 107 റണ്‍സെന്ന നിലയിൽ നാലാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ബംഗ്ലാദേശിന് മോമിനുൾ ഹഖിന്റെ സെഞ്ചുറിയാണു കരുത്തായത്. 107 റണ്‍സുമായി ഹഖ് പുറത്താകാതെ നിന്നു.
ജസ്പ്രീത് ബുംറ മൂന്നും മുഹമ്മദ് സിറാജ്, രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ഒരണ്ണം രവീന്ദ്ര ജഡേജയും സ്വന്തമാക്കി.
വെടിക്കെട്ട് തുടക്കം
യശസ്വി ജയ്സ്വാളും രോഹിത് ശർമയും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ട്വന്റി 20 ശൈലിയിലുള്ള ബാറ്റിംഗാണ് ഇരുവരും കാഴ്ചവച്ചത്. ടീം മൂന്നോവറിൽത്തന്നെ അന്‍പത് കടന്നു. ജയ്സ്വാളായിരുന്നു കൂടുതൽ അപകടകാരി.
ടീം സ്കോർ 55 നിൽക്കേ രോഹിത്തിനെ ഇന്ത്യക്കു നഷ്ടമായി. 10.1 ഓവറിൽ ആതിഥേയർ 100 കടന്നു. ജയ്സ്വാൾ (72) ടോപ് സ്കോററായി. കെ.എൽ. രാഹുൽ അർധ സെഞ്ചുറി നേടി (68). ഷക്കിബ് അൽ ഹസനും മെഹ്ദി ഹസൻ മിറാസും നാലു വീതം വിക്കറ്റുകൾ നേടി.
മഴ മൂലം കഴിഞ്ഞ രണ്ടു ദിവസവും കളി മുടങ്ങിയിരുന്നു. ഞായറാഴ്ച മഴ പെയ്തില്ലെങ്കിലും ഔട്ട്ഫീൽഡ് നനഞ്ഞുകിടന്നതിനാൽ മത്സരം തുടങ്ങാനായിരുന്നില്ല. കഴിഞ്ഞ മൂന്നുദിവസത്തിനിടെ, വെള്ളിയാഴ്ച എറിഞ്ഞ 35 ഓവർ മാത്രമാണുകളിച്ചത്.
വേഗത്തിൽ 100, 200
കാണ്‍പുർ: അഞ്ചു റിക്കാർഡുകളാണ് രോഹിത്ത് ശർമയും സംഘവും ഒന്നാം ഇന്നിംഗ്സിലെ ബാറ്റിംഗ് വിസ്ഫോടനംകൊണ്ടു സ്ഥാപിച്ചത്. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 50 റൺസ് നേടിയ ഇന്ത്യക്കു നൂറു റണ്‍സെടുക്കാൻ 10.1 ഓവർ മതിയായിരുന്നു.
വേഗത്തിൽ നൂറുകടക്കുന്ന ടീമെന്ന തങ്ങളുടെതന്നെ റിക്കാർഡാണ് ഇന്ത്യ തിരുത്തിയത്. 2023 ൽ വെസ്റ്റ് ഇൻഡീസിനെതിരേ 12.2 ഓവറിൽ നൂറു റണ്‍സെടുത്ത റിക്കാർഡാണ് മറികടന്നത്.
18.2 ഓവറിൽ സ്കോർ 150 റണ്‍സ് കടന്നു. 2023ൽ വെസ്റ്റ് ഇൻഡീസിനെതിരേ 21.1 ഓവറിൽ 150 കടന്ന സ്വന്തം റിക്കാർഡ് തിരുത്തി. 24.4 ഓവറാണ് 200 റണ്‍സ് കടക്കാൻ ഇന്ത്യക്കു വേണ്ടിവന്നത്.
28.1 ഓവറിൽ പാക്കിസ്ഥാനെതിരേ ഓസ്ട്രേലിയ നേടിയ 200 റണ്‍സ് റിക്കാർഡാണ് തകർന്നത്. 30.4 ഓവറിൽ 250 കടന്ന ഇന്ത്യ പുതിയ റിക്കാർഡ് കുറിച്ചു. 2022ൽ പാക്കിസ്ഥാനെതിരേ ഇംഗ്ലണ്ടിന് ഇത്രയും റണ്‍സ് നേടാൻ 33.6 ഓവർ വേണ്ടിവന്നു.