2025 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് : ഒരുവട്ടംകൂടി തല
Monday, September 30, 2024 12:33 AM IST
മുംബൈ/ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർക്ക് ആശ്വാസം. സൂപ്പർ കിംഗ്സ് ആരാധകരുടെ തലയായ എം.എസ്. ധോണി ഒരുവട്ടം കൂടി ഐപിഎൽ കളത്തിലെത്തിയേക്കും.
നിലവിലെ നിയമം അനുസരിച്ച് 2025 ഐപിഎല്ലിൽ ധോണിക്കു കളിക്കാം. വിരമിച്ച ഒരു കളിക്കാരന് അണ്‍ക്യാപ്ഡ് വിഭാഗത്തിൽ ഉൾപ്പെട്ട് അഞ്ചു വർഷംകൂടി ഐപിഎല്ലിൽ കളിക്കാം എന്ന 2008ലെ നിയമം തിരിച്ചുകൊണ്ടുവന്നതോടെയാണിത്. കഴിഞ്ഞ മാസം തന്നെ ഈ നിയമം തിരിച്ചുകൊണ്ടുവരാൻ ഐപിഎൽ അധികൃതർ തീരുമാനിച്ചിരുന്നു. ചുരുക്കത്തിൽ 2025 സീസണ് ധോണിയുടെ അവസാന ഐപിഎൽ ആയിരിക്കും.
നാലു കോടിയിൽ ധോണി
വെറും നാലു കോടി രൂപയ്ക്കായിരിക്കും 2025 ഐപിഎല്ലിലേക്ക് ധോണിയെ ചെന്നൈ സൂപ്പർ കിംഗ് നിലനിർത്തുക. അണ്‍ക്യാപ്ഡ് താരങ്ങൾക്കു നൽകാവുന്ന പരമാവധി പ്രതിഫലമാണ് നാലു കോടി രൂപ. ധോണിയെ നിലനിർത്താൻ തീരുമാനിച്ചാൽ ചെന്നൈക്ക് അതൊരു ലാഭകരമായ ബിസിനസ് ആയിരിക്കുമെന്നു ചുരുക്കം. 2022ൽ 12 കോടി രൂപയ്ക്കാണ് ധോണിയെ സിഎസ്കെ നിലനിർത്തിയത്.
വിരമിച്ചശേഷം അഞ്ചു വർഷത്തിനിടയിൽ ഒരു രാജ്യാന്തര മത്സരം പോലും കളിച്ചിട്ടില്ലാത്ത ഇന്ത്യൻ കളിക്കാരെ മാത്രമാണ് അണ്‍ക്യാപ്ഡ് താരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. 2019 ഐസിസി ഏകദിന ലോകകപ്പിലാണ് ധോണി ഇന്ത്യക്കായി അവസാനമായി കളിക്കുന്നത്. 2020 ഓഗസ്റ്റിൽ ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. വിരമിച്ച താരങ്ങളെ അണ്‍ക്യാപ്ഡ് കളിക്കാരായി പരിഗണിക്കുന്ന നിയമം 2021ലാണ് ബിസിസിഐ എടുത്തുകളയുന്നത്. ഈ നിയമം വീണ്ടും കൊണ്ടുവന്നത് ധോണിക്കു വേണ്ടിയാണോ എന്ന ചർച്ചകൾ സജീവമാണ്.
വിദേശികളുടെ മുങ്ങൽ നടക്കില്ല
ലേലത്തിൽ കുറഞ്ഞ തുകയാണു ലഭിക്കുന്നതെങ്കിൽ ഐപിഎൽ കളിക്കാൻ മടിക്കുന്ന വിദേശതാരങ്ങൾക്കു കടിഞ്ഞാണ്‍ വീഴും. ലേലത്തിൽ ഒരു ടീം സ്വന്തമാക്കിയ വിദേശ താരം കൃത്യമായ കാരണങ്ങളില്ലാതെ പിൻവാങ്ങുന്നത് കഴിഞ്ഞ സീസണുകളിൽ പതിവായിരുന്നു. എന്നാൽ, ഇങ്ങനെ പിൻവാങ്ങുന്ന കളിക്കാരനെ അടുത്ത രണ്ട് ഐപിഎല്ലിലോ, ലേലത്തിലോ പങ്കെടുക്കുന്നതിനു വിലക്കും എന്നതാണ് പുതിയ നിബന്ധന.
കഴിഞ്ഞ ലേലത്തിൽ ശ്രീലങ്കൻ താരം വാനിന്ദു ഹസരംഗയെ കുറഞ്ഞ തുകയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയിരുന്നെങ്കിലും അദ്ദേഹം കളിക്കാനെത്തിയില്ല. അതുപോലെ ഇംഗ്ലീഷ് താരങ്ങളായ ജേസണ്‍ റോയ്, അലക്സ് ഹെയ്ൽസ് തുടങ്ങിയവരും പിൻവാങ്ങി.
മാനസിക സമ്മർദവും മറ്റും ചൂണ്ടിക്കാട്ടി വിദേശ താരങ്ങൾ പിൻവാങ്ങുന്ന രീതിക്കു തടയിടാനാണ് ഐപിഎൽ സംഘാടകരുടെ പുതിയ നീക്കം. മെഗാ ലേലത്തിൽ വിദേശ താരങ്ങളെല്ലാം രജിസ്റ്റർ ചെയ്തിരിക്കണം. മെഗാലേലത്തിൽ രജിസ്റ്റർ ചെയ്യാതിരുന്നാൽ തൊട്ടടുത്ത വർഷത്തെ ലേലത്തിൽ പങ്കെടുക്കാനാവില്ല.
മാച്ച് ഫീസായി കോടി സന്പാദ്യം
ഐപിഎൽ ചരിത്രത്തിൽ ആദ്യമായി കളിക്കാർക്കു മാച്ച് ഫീസ് സംവിധാനവും 2025 സീസണ് മുതൽ നടപ്പിലാകും. ഇംപാക്ട് പ്ലേയർ ഉൾപ്പെടെ ടീമിലുള്ള എല്ലാ താരങ്ങൾക്കും 7.5 ലക്ഷം രൂപ വീതം ഓരോ മത്സരത്തിനും ലഭിക്കും. അതായത് ഐപിഎൽ ലീഗ് റൗണ്ടിലെ എല്ലാ മത്സരങ്ങളും കളിക്കുന്ന ഒരു താരത്തിന് 1.05 കോടി രൂപ മാച്ച് ഫീസ് ഇനത്തിൽ സന്പാദിക്കാം. ഓരോ ഫ്രാഞ്ചൈസിയും കളിക്കാരെ ലേലത്തിൽ എടുത്തപ്പോഴുള്ള കരാർ തുകയ്ക്കു പുറമേയാണിത്.