ഇന്ത്യ x ബംഗ്ലാദേശ് ടെസ്റ്റിന്റെ ആദ്യദിനം മഴയിൽ മുങ്ങി
Saturday, September 28, 2024 1:04 AM IST
കാണ്‍പുർ: കാലാവസ്ഥാ പ്രവചനം അച്ചെട്ടാക്കി മഴ വില്ലനായി. ഇന്ത്യ x ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം മഴയെത്തുടർന്ന് ഉപേക്ഷിച്ചു. മത്സരത്തിന്റെ ആദ്യ മൂന്നു ദിനങ്ങളിലും മഴസാധ്യത കാലാവസ്ഥാ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മഴഭീഷണിക്കിടെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യദിനം 35 ഓവർ മാത്രമാണ് എറിയാൻ സാധിച്ചത്. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 107 റണ്‍സ് എന്ന നിലയിൽ ബംഗ്ലാദേശ് ഒന്നാംദിനം അവസാനിപ്പിച്ചു.
ചെന്നൈയിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇറങ്ങിയ പ്ലേയിംഗ് ഇലവനെ നിലനിർത്തിയായിരുന്നു രോഹിത് ശർമ ഇന്നലെ കാണ്‍പുർ പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിനെ ഇറക്കിയത്. അതോടെ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവർക്കൊപ്പം മൂന്നാം സ്പിന്നറായി കുൽദീപ് യാദവ് എത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.
ബുംറ വിഷമിച്ച ദിനം
പിച്ച് ഏതായാലും ജസ്പ്രീത് ബുംറയുടെ തീ തുപ്പുന്ന പന്തുകൾ എതിരാളികളുടെ വിക്കറ്റ് വീഴ്ത്തുന്നതു സാധാരണമാണ്. എന്നാൽ, കാണ്‍പുരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ അതായിരുന്നില്ല അവസ്ഥ.
ജസ്പ്രീത് ബുംറയുടെ കഠിനാധ്വാനം ആദ്യദിനം ഫലം കണ്ടില്ല. ബംഗ്ലാദേശ് ബാറ്റർമാരുടെ ബാറ്റിൽ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ ബുംറയുടെ പന്തുകൾ വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തിന്റെ കൈകളിൽ വിശ്രമിച്ചു. മഴയെത്തുടർന്നു മത്സരം നേരത്തേ അവസാനിപ്പിക്കുന്പോൾ ഒന്‍പത് ഓവറാണ് ബുംറ എറിഞ്ഞത്. അതിൽ നാലെണ്ണം മെയ്ഡനായി. 19 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ.
മുഹമ്മദ് സിറാജിനും ആദ്യദിനം ഇടപെടൽ നടത്താനായില്ല. അതേസമയം, ആകാശ് ദീപ് വിക്കറ്റ് വീഴ്ത്തി. ബംഗ്ലാദേശ് ഓപ്പണർമാരായ സക്കീർ ഹസൻ (0), ഷദ്മാൻ ഇസ്ലാം (24) എന്നിവരെ ആകാശ് ദീപ് ഗാലറിയിലേക്കു പറഞ്ഞയച്ചു. കനജ്മുൾ ഹുസൈൻ ഷാന്റൊയുടെ (31) വിക്കറ്റ് ആർ. അശ്വിൻ സ്വന്തമാക്കി. മൊമിനുൾ ഹഖും (40) മുഷ്ഫിഖർ റഹീമുമാണ് (6) ക്രീസിൽ.